സ്ഥാനാർത്ഥിയാക്കിയില്ല, കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നു

Webdunia
ബുധന്‍, 13 മാര്‍ച്ച് 2019 (13:04 IST)
തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ മഹാരാഷ്ട്രയിൽ കോൺഗ്രസിനു തിരിച്ചടി. മുതിർന്ന കോൺഗ്രസ് അംഗവും  പ്രതിപക്ഷ നേതാവുമായ രാധാ കൃഷ്ണ വിഖെ പാട്ടീലിന്റെ മകൻ സുജയ് വിഖെ പാട്ടീൽ ബിജെപിയിൽ ചേർന്നു. മഹാരഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെയും മുതിർന്ന ബിജെപി നേതാക്കളുടെയും സാനിധ്യത്തിലായിരുന്നു സുജയ് വിഖെ പാട്ടീൽ ബിജെപിയിൽ ചേർന്നത്. 
 
അഹമദ് നഗർ മണ്ഡലം ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ആവശ്യം നിരസിച്ചു. ഇതോടെ സുജയ് വിഖെ പാട്ടീൽ ബിജെപിയിലേക്കു മാറുകയായിരുന്നു. മഹാരാഷ്ട്രയിൽ എൻസിപിയുമായി ചേർന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.  കഴിഞ്ഞ തവണത്തെ പൊതു തെരഞ്ഞെടുപ്പിൽ എൻസിപിക്ക് അഹ്മദ് നഗർ മണ്ഡലം നൽകിയിരുന്നു. ഇത്തവണ, സുജയ് വിഖെ പാട്ടിലിനു വേണ്ടി അദ്ദേഹത്തിന്‍റെ പിതാവ് മണ്ഡലം ചോദിച്ചെങ്കിലും എൻസിപി സീറ്റ് നൽകാൻ തയ്യാറായില്ല. അതേസമയം, തന്നെ കോൺഗ്രസ് സ്ഥാനാർഥി ആക്കിയില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുജയ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇദ്ദേഹം ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
 
നാല് ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിൽ പൊതു തെരഞ്ഞെടുപ്പ്. ഏപ്രിൽ 11, 18, 23, 29 തിയതികളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ്.

അനുബന്ധ വാര്‍ത്തകള്‍

Next Article