ഇങ്ങനെയാണെങ്കിൽ മാണിയോടൊപ്പം ഇനിയില്ല? ജോസഫിന്റെ അവസാന പിടിവള്ളി ഉമ്മൻചാണ്ടി !

ബുധന്‍, 13 മാര്‍ച്ച് 2019 (10:00 IST)
കോട്ടയത്തെ സ്ഥാനാർഥി നിര്‍ണയത്തെ ചൊല്ലി കേരള കോൺഗ്രസിലുള്ള ഭിന്നത പരിഹരിക്കാൻ പി ജെ ജോസഫ് ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. പിളരാൻ തീരുമാനിച്ചില്ലെങ്കിലും മാണിയുമായി കൂടിച്ചേർന്ന് പോകാൻ ഇനി ബുദ്ധിമുട്ടാണെന്നും ജോസഫ് വ്യക്തമാക്കി.
 
പ്രശ്നത്തിന് ഉചിതമായ രീതിയിൽ പരിഹാരമുണ്ടാക്കാമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പുനൽകി. അതേസമയം, വിഷയത്തിൽ കൂടുതലൊന്നും പറയാനാകില്ലെന്ന് ജോസ് കെ മാണി അറിയിച്ചു. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി നിർദേശിക്കുകയും ബന്ധപ്പെട്ട കാര്യങ്ങൾ പാര്‍ട്ടി വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
 ജോസഫിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ജോസ് കെ മാണിയുടെ ഇടപെടലാണെന്ന് പിസി ജോര്‍ജ് എംഎല്‍എ വ്യക്തമാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിഎൻ വാസവനുമായി ജോസ് കെ മാണിക്ക് രഹസ്യ കച്ചവടമുണ്ടായിരുന്നു. ഈ ഇടപാടില്‍ ജോസ് കെ മാണി ലാഭമുണ്ടായി. ഇതിന്റെ പ്രത്യുപകാരമാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയതെന്നും ജോര്‍ജ് ആരോപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍