ജോസഫിനൊപ്പമോ മാണിക്കൊപ്പമോ? രണ്ട് പേരേയും തള്ളിപ്പറയാൻ കഴിയാതെ ഉമ്മൻ ചാണ്ടി

ചൊവ്വ, 12 മാര്‍ച്ച് 2019 (11:15 IST)
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാവർത്തിച്ച് ഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫിനു ലോക്സഭാ സീറ്റ് നിഷേധിച്ചതടക്കമുളള കേരളാ കോൺഗ്രസ് എമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിലെത്തിയതിനു ശേഷം കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
 
 
സാധാരണ ഗതിയില്‍ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ലെന്നും എന്നാല്‍  പ്രത്യേക സാഹചര്യമായതിനാല്‍ കേരളാ കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എംഎൽഎ എന്ന നിലയില്‍ ലോക്‌സഭയില്‍ മത്സരിക്കേണ്ടതില്ലെന്നും ഉമ്മന്‍ചാണ്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
കോട്ടയത്ത് മത്സരിക്കാൻ താൽപര്യം അറിയിച്ച പി ജെ ജോസഫിനെ തളളി തോമസ് ചാഴികാടനെ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി പാർട്ടി ചെയർമാൻ കെ എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നീണ്ട അനിശ്ചിത്വത്തിനൊടുവിൽ തിങ്കളാഴ്ച രാത്രി ഒമ്പതോടെ വാർത്താകുറിപ്പിലൂടെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസിൽ രൂപപ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍