അഴിമതിക്കേസും സരിതക്കേസും ഒതുക്കി തീർക്കാനുള്ള നീക്കം? കേരളാ കോൺഗ്രസിൽ പൊട്ടിത്തെറി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി രാജിവച്ചു

ചൊവ്വ, 12 മാര്‍ച്ച് 2019 (10:44 IST)
പി ജെ ജോസഫിന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി.  തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്ന് പി.എം ജോര്‍ജ് ആരോപിച്ചു.
 
രണ്ടു പ്രാവശ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടയാളെ തന്നെ സഥാനാർത്ഥിയാക്കിയത് സിപിഐമ്മിനെ സഹായിക്കാനാണെന്നും പി എം ജോർജ് ആരോപിച്ചു. കെ.എം മാണിയുടെ പേരിലുള്ള അഴിമതി കേസും മകന്‍ ജോസ് കെ. മാണിയുടെ പേരിലുള്ള സരിത കേസും ഒതുക്കി തീര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
കോട്ടയത്ത് മത്സരിക്കാൻ താൽപര്യം അറിയിച്ച പി ജെ ജോസഫിനെ തളളി തോമസ് ചാഴികാടനെ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി പാർട്ടി ചെയർമാൻ കെ എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നീണ്ട അനിശ്ചിത്വത്തിനൊടുവിൽ തിങ്കളാഴ്ച രാത്രി ഒമ്പതോടെ വാർത്താകുറിപ്പിലൂടെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസിൽ രൂപപ്പെട്ടിരിക്കുന്നത്. 
 
അതേസമയം, കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ വേണ്ടി വന്നാല്‍ ഇടപെടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ അറിയിച്ചു. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ ഗൗരവത്തോടെയാണ് മുന്നണി നേതൃത്വം കാണുന്നതെന്നും കോട്ടയം സീറ്റില്‍ ഒരു പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ലെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു.
 
കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയില്‍ നിന്നും നാളെ തിരികെയെത്തിയശേഷം പ്രശ്‌നപരിഹാരമുണ്ടാകുമെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. തര്‍ക്കം മുന്നോട്ട് കൊണ്ടുപോകാന്‍ ആവില്ലെന്നും കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിതെന്നും ബെന്നി ബെഹന്നാന്‍ പറഞ്ഞു. അത് ഉള്‍ക്കൊണ്ട് പ്രശ്‌നം അടിയന്തിരമായി തീര്‍ക്കണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍