അണിയറയില്‍ നാടകീയ നീക്കവുമായി ജോസ് കെ മാണി; ജോസഫിനു സീറ്റില്ല, കോട്ടയത്ത് തോമസ് ചാഴിക്കാടനെന്ന് റിപ്പോര്‍ട്ട്
അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസിന്റെ കോട്ടയം സീറ്റിൽ തോമസ് ചാഴികാടന്‍ സ്ഥാനാർഥിയാകുമെന്ന് റിപ്പോര്‍ട്ട്. ജോസഫിനോട് യോജിപ്പില്ലെന്ന് കോട്ടയം മണ്ഡലത്തിലെ നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പിജെ ജോസഫിനെ കോട്ടയത്ത് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കേരളാ കോൺഗ്രസിലുണ്ടായ കടുത്ത അമര്‍ഷമാണ് പുതിയ നീക്കങ്ങളിലേക്ക് മാറിയത്. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളാണ് മുതിര്‍ന്ന നേതാവായ ജോസഫിന് തെരഞ്ഞെടുപ്പ് മോഹങ്ങള്‍ക്ക് വിനയായത്.
ജോസഫിന് സീറ്റ് നല്‍കണമെന്ന് കെഎം മാണിയോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ജോസ് കെ മാണിയോടും യുഡിഎഫ് നേതാക്കള്‍ ഫോണില്‍ സംസാരിച്ചിരുന്നു. കോൺഗ്രസിനും ജോസഫ് മത്സര രംഗത്ത് വരുന്നതാണ് താൽപര്യം. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നാടകീയ നീക്കങ്ങള്‍ നടന്നത്.
സ്ഥാനാര്‍ഥിയായി തോമസ് ചാഴിക്കാടനടക്കമുള്ളവരെ കെഎം മാണി പരിഗണിച്ചിരുന്നു. മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പിജെ ജോസഫ്. സീറ്റില്ലെങ്കിൽ ജോസഫ് കടുത്ത നിലപാടിലേക്ക് പോകുമെന്നാണ് സൂചന.