PM Narendra Modi Speech Live Updates: 'ഓപ്പറേഷന്‍ സിന്ദൂര്‍ കേവലമൊരു പേരല്ല, കോടികണക്കിനു മനുഷ്യരുടെ വികാരം'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പത്ത് പ്രധാന പരാമര്‍ശങ്ങള്‍
Narendra Modi Speech Live Updates: ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' രാജ്യത്തെ കോടികണക്കിനു ജനങ്ങളുടെ വികാരമായിരുന്നെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രധാന 10 പരാമര്‍ശങ്ങള്‍ ചുവടെ:
* ഓപ്പറേഷന്‍ സിന്ദൂര്‍ കേവലം ഒരു പേരുമാത്രമല്ല. രാജ്യത്തെ കോടികണക്കിനു ജനങ്ങളുടെ വൈകാരികതയുടെ പ്രതിഫലനം കൂടിയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍ നീതിയുടെ തകര്‍ക്കാനാവാത്ത പ്രതിജ്ഞ കൂടിയാണ്.
* നിഷ്‌കളങ്കരായ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ചുകളഞ്ഞതിന്റെ വില എന്താണെന്ന് ഇപ്പോള്‍ എല്ലാ ഭീകരവാദികള്‍ക്കും മനസിലായിട്ടുണ്ട്.
* പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരവാദ ക്യാംപുകള്‍ നമ്മള്‍ നശിപ്പിച്ചു. ഭീകരവാദികളെ അടിച്ചമര്‍ത്താന്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കി. നമ്മുടെ പെണ്‍മക്കളുടെയും സഹോദരിമാരുടെയും നെറ്റിയിലെ സിന്ദൂരം മായ്ച്ചുകളഞ്ഞതിന്റെ തിരിച്ചടി അവര്‍ക്ക് ലഭിച്ചു.
* ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ നശിപ്പിക്കുക മാത്രമല്ല നമ്മള്‍ ചെയ്തത്. അവരുടെ മനോവീര്യം പൂര്‍ണമായി തകര്‍ത്തു. ഇങ്ങനെയൊരു നീക്കം ഇന്ത്യ നടത്തുമെന്ന് സ്വപ്‌നത്തില്‍ പോലും ഭീകരവാദികള്‍ കരുതി കാണില്ല. 'രാജ്യമാണ് പ്രധാനം' എന്ന ചിന്തയോടെ എല്ലാവരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ഇത് വിജയകരമായി സാധ്യമാക്കി.
* നിലവില്‍ പാക്കിസ്ഥാനിലെ ഭീകരവാദികള്‍ക്കെതിരായ നീക്കം നാം നിര്‍ത്തിവെച്ചിരിക്കുകയാണ്. പാക്കിസ്ഥാന്റെ ഇനിയുള്ള നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് തുടര്‍ന്ന് ആവശ്യമായ നടപടികള്‍ നമ്മള്‍ സ്വീകരിക്കും.
* ആണവായുധത്തിന്റെ പേര് പറഞ്ഞുള്ള ഭീഷണിക്കു നാം നിന്നുകൊടുക്കില്ല. ഇന്ത്യയുടെ കരസേന, നാവികസേന, വ്യോമസേന, മറ്റു സുരക്ഷാ സേനകളും അതീവ ജാഗ്രത തുടരുകയാണ്.
* ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറിലേറെ ഭീകരവാദികള്‍ കൊല്ലപ്പെട്ടു. അതില്‍ മിക്കവരും ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന ഭീകരവാദത്തിന്റെ യജമാനന്‍മാരാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അവര്‍ പാക്കിസ്ഥാനില്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ ജീവിക്കുകയായിരുന്നു.
* അവര്‍ നമ്മുടെ സ്‌കൂളുകള്‍, കോളേജുകള്‍, ക്ഷേത്രങ്ങള്‍ തുടങ്ങി നിഷ്‌കളങ്കരായ മനുഷ്യരുടെ വീടുകള്‍ വരെ ആക്രമിച്ചു.