സ്ഥിതി വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല, പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കും, സർവകക്ഷി യോഗത്തിൽ രാജ് നാഥ് സിങ്ങ്

അഭിറാം മനോഹർ

വ്യാഴം, 8 മെയ് 2025 (14:23 IST)
ഓപ്പറേഷന്‍ സിന്ദൂറില്‍ നൂറിലധികം ഭീകരരെ വധിച്ചതായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്. വ്യാഴാഴ്ച നടന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രതിരോധമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും പാകിസ്ഥാന്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ രാജ് നാഥ് സിങ് പറഞ്ഞു.
 
പഹല്‍ഗാമില്‍ 26 പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പാകിസ്ഥാനിലെ ഭീകരരുടെ 9 കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം. 
 

#WATCH | Centre holds all-party meeting to brief all political parties on #OperationSindoor pic.twitter.com/q96NZnhUY6

— ANI (@ANI) May 8, 2025
അതേസമയം ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യന്‍ അധീന കശ്മീരിലെ പൂഞ്ചില്‍ ഇന്നലെ വൈകിട്ട് മുതൽ പാകിസ്ഥാൻ ഷെല്‍ ആക്രമണം തുടരുകയാണ്. പാക്കിസ്ഥാന്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 
 
പൂഞ്ചില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്ന നിലയിലാണ്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി മേഖലകളില്‍ ഷെല്‍ ആക്രമണം തുടരാനാണ് പാക്കിസ്ഥാന്‍ തീരുമാനം. ഷെല്‍ ആക്രമണം നടന്ന ഉറിയില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണരേഖയ്ക്കു സമീപമുള്ള അവസാന ഇന്ത്യന്‍ ഗ്രാമമായ സലാമാബാദില്‍ ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായി കത്തി നശിച്ചു. അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഗുരുതരമായി പരുക്കേറ്റ പ്രദേശവാസികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജനവാസ മേഖലകളില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം തുടരുന്നതിനാല്‍ ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍