പ്രഖ്യാപിച്ച ദിവസം തന്നെ പൊതുബജറ്റ് നടക്കും, നീട്ടിവെക്കണമെന്ന ഹര്‍ജികള്‍ അര്‍ഹിക്കുന്ന സമയത്ത് പരിഗണിക്കാം: സുപ്രീംകോടതി

Webdunia
വെള്ളി, 6 ജനുവരി 2017 (12:40 IST)
കേന്ദ്രസര്‍ക്കാരിന്റെ പൊതുബജറ്റ് മാര്‍ച്ചിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ആ ഹര്‍ജി ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്നും അര്‍ഹിക്കുന്ന സമയത്ത് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റീസ് ജഗദീഷ് സിങ് ഖെഹാര്‍ തലവനായ സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. 
 
അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുബജറ്റ് മാര്‍ച്ചിലേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ പാടില്ലെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. 
 
ഈ ആവശ്യം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ പാര്‍ട്ടികൾ പരാതി നൽകി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 ഓളം പാര്‍ട്ടി നേതാക്കളാണ് പരാതിയുമായി മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദിയെ കണ്ടത്. അഞ്ചുവര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് പരിഗണിച്ച് അന്നത്തെ യു പി എ സര്‍ക്കാര്‍ ബജറ്റ് അവതരണം  നീട്ടിവെച്ചിരുന്നു. പ്രസ്തുത കീഴ്വഴക്കം പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയാറാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. 
Next Article