യു പി സ്വദേശി സൗദിയിൽ മരിച്ച സംഭവം: മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (07:56 IST)
സൗദിയിലെ സകാക്കയില്‍ ഉത്തര്‍പ്രദേശ് സ്വദേശി അസ്വഭാവികമായി മരണപ്പെട്ട സംഭവത്തിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വഭാവിക മരണത്തിനാണ് അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയോടൊപ്പം കഴിഞ്ഞവരെയാണ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.
 
സകാക സെന്‍ട്രല്‍ ആശുപത്രിയിലെ മെയിന്റനന്‍സ് വിഭാഗം കരാര്‍ ജീവനക്കാരനും യു പി സ്വദേശിയുമായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  കഴുത്തില്‍ തുണി കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. വയറ്റില്‍ കത്തി കൊണ്ടുളള മുറിവും ഉണ്ടായിരുന്നു. അസ്വഭാവിക മരണമെന്ന് പ്രാഥമിക നിഗമനത്തിൽ വ്യക്തമായതോടെയാണ് സഹതാമസക്കാരായ അഞ്ചുപേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. 
 
ജോലികഴിഞ്ഞത്തെിയ സുഹൃത്തുക്കള്‍ മുറിയില്‍ മൃതദേഹം കിടക്കുന്നതാണ് കണ്ടത്. മുറി പൂട്ടിയ നിലയിലായിരുന്നു. കരുനാഗപ്പളളി, പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലുളള മലയാളികള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണം നടത്തും. കൊലപാതകം ആണോയെന്ന കാര്യത്തിൽ പൊലീസിന് കൂടുതൽ വ്യക്തത വരുത്താൻ കഴിഞ്ഞിട്ടില്ല.
Next Article