മിസ്‌റ്റര്‍ മോദി, 62,549 കോ​ടി രൂപ എവിടെ ?; രാഹുലിന്റെ തകര്‍പ്പന്‍ ട്വീറ്റില്‍ പകച്ച് ബിജെപി - ഉത്തരമില്ലാത്തെ പ്രധാനമന്ത്രി

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (15:25 IST)
നേതൃത്വത്തെ പോലും ഞെട്ടിക്കുകയാണ് കോണ്‍ഗ്രസ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ബിജെപി നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയാതിരുന്ന മുതിര്‍ന്ന നേതാക്കള്‍ പോലും ട്വി​റ്റ​റി​ല്‍ രാഹുല്‍ നടത്തുന്ന ഇടപെടലുകളില്‍ ഞെട്ടിയിരിക്കുകയാണ്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കെ ‘ഗുജറാത്ത് ഉത്തരം തേടുന്നു’ എന്ന പേരില്‍ നരേന്ദ്ര മോദിയോട് ദിവസവും ഒരു ചോദ്യം എന്ന ആശയമാണ് രാഹുല്‍ പുറത്തെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാതെ സമ്മര്‍ദ്ദത്തിലായ ബിജെപി ക്യാമ്പിലേക്ക് പുതിയ ചോദ്യമാണ് രാഹുല്‍ ഇന്ന് തൊടുത്തു വിട്ടിരിക്കുന്നത്.

സ്വന്തം ആവശ്യത്തിനായി പൊതുപണം ധൂര്‍ത്തടിച്ച മോദി 2002- 06 വ​ർ​ഷ​ത്തി​ൽ 62,549 കോ​ടി രൂ​പ​യു​ടെ വൈ​ദ്യു​തി പു​റ​ത്തു​നി​ന്നും വാ​ങ്ങി​യത് എന്ത് അടിസ്ഥാനത്തിലാണെന്നാണ് രാഹുല്‍ ട്വി​റ്റ​റി​ലൂ​ടെ ചോദിച്ചിരിക്കുന്നത്.

“ വൈദ്യതി പുറത്തു നിന്നും വാങ്ങിയ ഈ സമയത്ത് സ​ർ​ക്കാ​ർ നിയന്ത്രണത്തിലുള്ള വൈ​ദ്യു​തി ഉ​ത്പാ​ദ​ന കേന്ദ്രങ്ങളിലെ ഉ​ത്പാ​ദ​നം 62 ശ​ത​മാ​നം കു​റ​ച്ചു. പുറത്തു നിന്നുള്ള നാല് കമ്പനികളില്‍ നിന്ന്  യൂ​ണി​റ്റി​ന് മൂ​ന്നു രൂ​പ വി​ല​യു​ള്ള വൈ​ദ്യു​തി 24 രൂ​പ​യ്ക്കു വാ​ങ്ങി സ്വന്തം പോക്കറ്റ് നിറയ്‌ക്കുകയായിരുന്നു നിങ്ങള്‍”- എന്നും രാഹുല്‍ കുറ്റപ്പെടുത്തുന്നു.

മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ മോദിയുടെ ടീം നടത്തിയിരുന്ന അതേ തന്ത്രമാണ് രാഹുലും ഇപ്പോള്‍ തിരിച്ചു പയറ്റുന്നത്. സോഷ്യല്‍ മീഡിയയില്‍ രാഹുലിന് ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. ഈ  സാഹചര്യത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന് ഇതിലൂടെ സാധിക്കും. അതേസമയം, വാഗ്ദാനങ്ങള്‍ പലതും പാതിവഴിയില്‍ നില്‍ക്കുന്നതിനാല്‍ രാഹുലിന്റെ ചോദ്യങ്ങളെ നേരിടാന്‍ കഴിയാതെ വെള്ളം കുടിക്കുകയാണ് ബിജെപി ക്യാമ്പ്.

വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും 45 വര്‍ഷം വേണ്ടിവരുമോ ,മേ​ക്ക് ഇ​ൻ ഇ​ന്ത്യ മ​രി​ച്ചോ എന്ന ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം രാഹുല്‍ മോദിയോട് ചോദിച്ചത്. ലഷ്കർ ഇ തോയ്ബ സ്ഥാപകൻ ഹാഫിസ് സയീദിനെ പാക് കോടതി മോചിപ്പിച്ച വിഷയത്തിലും പ്രധാനമന്ത്രിയെ രാഹുല്‍ പരിഹസിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article