കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്നു ഡല്‍ഹിയില്‍ ചേരും, രാഹുല്‍ ഗാന്ധിയെ വര്‍ക്കിംഗ് പ്രസിഡന്റ് ആകണമെന്ന നിര്‍ദ്ദേശം യോഗത്തിലുണ്ടാകാനാണു സാധ്യത. എന്നാല്‍ ചുമതലകള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച് രാഹുല്‍ ഗാന്ധി തന്റെ നിലപാടുകള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സമ്മേളനഹ്തിനെത്തുന്ന പ്രതിനിധികള്‍ ശ്രമിച്ചേക്കും.
അതേ സമയം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍, ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെയുള്ള പാര്‍ട്ടിയുടെ നയം തുടങ്ങിയവയില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുമെന്നാണു സൂചന.
തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച എ.കെ. ആന്റണി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പിനു ശേഷം ചേരുന്ന രണ്ടാമത്തെ പ്രവര്‍ത്തക സമിതി യോഗമാണിത്. അതിനാല്‍ ഈ യോഗത്തില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തേക്കുമെന്നാണറിയുന്നത്.