ബിജെപി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ അതി രൂക്ഷമായി ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഭയിലെ തന്റെ 45 മിനുട്ട പ്രസംഗം അവസാനിപ്പിച്ചത് നരേന്ദ്ര മോദിയെ വാരിപുണര്‍ന്ന്.
ട്രഷറി ബഞ്ചിലിരുന്ന് പ്രസംഗം വീക്ഷിച്ചുകൊണ്ടിരുന്ന നരേന്ദ്ര മോദിയുടെ അടുത്തെത്തി രാഹുല്‍ ആശ്ലേഷിച്ചത് സഭയ്ക്ക് പുതുമയായി. വിശ്വാസ പ്രമേയത്തിന്റെ തുടക്കം മുതൽ പ്രധാനമന്ത്രിയെ കടന്നാക്രമിക്കുന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രസംഗം.
പ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കിക്കഴിഞ്ഞു. സംഖ്യകള്‍കൊണ്ടു സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്‍റെ ശ്രമം.
മുഖത്ത് നോക്കി സംസാരിക്കാത്ത ആളാണ് നരേന്ദ്ര മോദി എന്നും മനസില്‍ കള്ളത്തരമൊളിപ്പിക്കുന്നതാണ് കാരണമെന്നും രാഹുല്‍ തുറന്നടിച്ചു. പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിച്ചുവെന്നും അദ്ദേഹം പാര്‍ലമന്റില്‍ പറഞ്ഞു.