കണ്ണന്താനം എവിടെയെന്ന് മോദി; ഭക്ഷ്യവിഹിതം പുനസ്ഥാപിക്കില്ല - പ്രധാനമന്ത്രി നിരാശപ്പെടുത്തിയെന്ന് സര്‍വകക്ഷി സംഘം
വ്യാഴം, 19 ജൂലൈ 2018 (14:58 IST)
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 23 അംഗ സര്‍വകക്ഷി സംഘത്തോടാണ് കേരളത്തിനു മാത്രമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മോദി തുറന്നു പറഞ്ഞത്.
ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഇളവുകൾ, കഞ്ചിക്കോട് കോച്ച് ഫാക്ടറി, മഴക്കാലകെടുതിയിൽ ധനസഹായം തുടങ്ങിയവയായിരുന്നു കേരളം മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങള്‍. ഇതിൽ മഴക്കാലകെടുതികളിൽ ഒഴിച്ചു മറ്റു വിഷയങ്ങളിലൊന്നും പ്രധാനമന്ത്രിയില്‍ നിന്നും അനുകൂല പ്രതികരണം ലഭിച്ചില്ല.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ച നിരാശാജനകമായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊതു ഭക്ഷ്യഭദ്രത നിയമത്തിന്റെ സാഹചര്യത്തില്‍ നിന്നു സംസ്ഥാനത്തെ രക്ഷപ്പെടുത്തണമെന്ന് കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രി നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യധാന്യം പഴയതുപോലെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടപ്പോള്‍ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് മാത്രമെ വിഹിതം അനുവദിക്കാനാകൂവെന്ന് മോദി വ്യക്തമാക്കി. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളോടുള്ള സമീപനം മാത്രമെ കേരളത്തോടും സ്വീകരിക്കാനാകൂവെന്നും മോദി പറഞ്ഞു.
സര്‍വകക്ഷി സംഘത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താം ഇല്ലാതിരുന്നത് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ കണ്ണന്താനത്തെ കൂട്ടാതെ എത്തിയ സംഘത്തോടെ മോദി അതൃപ്‌തി അറിയിക്കുകയും ചെയ്‌തു.