കശ്മീരിലെ നൗഗം സെക്റിൽ കൊല്ലപ്പെട്ട ഭീകരരുടെ പക്കലുണ്ടായിരുന്നത് പാകിസ്ഥാന്‍ നിർമ്മിത ഗ്രനേഡുകളെന്ന് കരസേന. ഭീകരരുടെ പക്കൽ നിന്ന് കണ്ടെടുത്ത ഹാൻഡ് ഗ്രനേഡുകളില്‍ പാക്ക് ഓർഡിനൻസ് ഫാക്ടറിയുടെ മുദ്രകൾ കണ്ടെത്തി. ഇത് ഇവരുടെ പാക് ബന്ധത്തിന് വ്യക്തമായ തെളിവാണെന്നും സൈന്യം പറഞ്ഞു.
വൻസ്ഫോടക ശേഷിയുള്ള ആറിലധികം പ്ലാസ്റ്റിക് സ്ഫോടകവസ്തുക്കൾ, ആറു കുപ്പി പെട്രോളിയം ജെല്ലി, ആറു കുപ്പി സ്ഫോടക ദ്രവ്യങ്ങൾ, ആറു ലൈറ്ററുകൾ തുടങ്ങിയവയുമാണ് ഭീകരില്‍ നിന്ന് കണ്ടെത്തിയത്. മരുന്നുകളും ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളും പാക് നിർമിതമാണെന്നും കരസേന വക്താവ് അറിയിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ നിയന്ത്രണ രേഖയ്ക്കു സമീപം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടത്.