നിർഭയ കേസ് പ്രതികളുടെ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചു, ഫെബ്രുവരി ഒന്നിന് പുലർച്ചെ 6 മണിക്ക് തൂക്കിലേറ്റും

അഭിറാം മനോഹർ
വെള്ളി, 17 ജനുവരി 2020 (17:57 IST)
നിർഭയ കൂട്ടമാനഭംഗക്കേസിലെ പ്രതികളായ വിനയ് ശർമ, മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരുടെ വധശിക്ഷ ഫെബ്രുവരി ഒന്നിലേക്ക് നീട്ടി. മുകേഷ് സിങ് നൽകിയ ദയാഹർജി രാഷ്ട്രപതി റാം നാഥ് കോവിന്ദ് തള്ളിയതിനെ തുടർന്നാണ് ഡൽഹി കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ചത്. നേരത്തെ വിചാരണക്കോടതി നേരത്തെ ഉത്തരവിട്ട പ്രകാരം ജനുവരി 22ന് തൂക്കിക്കൊല്ലാൻ കഴിയില്ലെന്ന് ആം ആദ്മി സർക്കാർ ബുധനാഴ്ച ഡൽഹി കോടതിയെ അറിയിച്ചിരുന്നു. ഈ മാസം 22 ന് വധശിക്ഷ നടത്താനായിരുന്നു നേരത്തെ കോടതി ഉത്തരവിട്ടിരുന്നത്.
 
2012 ഡിസംബർ 16ന് രാത്രി ഒമ്പതിന് ഡൽഹി വസന്ത് വിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ചാണ് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂരപീഡനത്തിനിരയായത്. വിദഗ്ദ ചികിത്സക്കായി സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്ന പെൺകുട്ടി ഡിസംബർ 29ന് മരണപ്പെടുകയും ചെയ്തിരുന്നു. കേസിൽ ആറ് പ്രതികളെയാണ് പോലീസ് പിടികൂടിയത്.
 
എന്നാൽ കേസിലെ മുഖ്യപ്രതിയായ ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ വെച്ചുതന്നെ ജീവനൊടുക്കിയിരുന്നു. പ്രതികളിൽ  ഒരാൾക്ക് 18 വയസ്സ് തികയാത്തതിനാൽ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article