നിർഭയ കേസിൽ വധശിക്ഷ 22ന് നടപ്പിലാക്കാനാകില്ല എന്ന് ഡൽഹി സർക്കാർ

ബുധന്‍, 15 ജനുവരി 2020 (14:49 IST)
ഡൽഹി: നിർഭയ കേസിൽ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പിലാക്കാൻ സാധിക്കില്ല എന്ന് ഡൽഹി സർക്കാർ. പ്രതികളിൽ ഒരാൾ ദയാഹർജി നൽകിയതോടെ വധശിക്ഷ നടപ്പിലാക്കുന്നത് വൈകുന്നത്. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാൻ കീഴ്ക്കോടതിയെ സമീപിക്കും എന്നും ഡൽഹി സർക്കാർ വ്യക്തമാക്കി.
 
മരണ വാറണ്ടിനെതിരെ പ്രതികളിൽ ഒരാളായ മുകേഷ് സിങ് ഹൈക്കോടതിയെ സമീപിച്ചിരുന്നു ഈ ഹർജി ബുധനാഴ്ച വൈകിട്ടോടെയാണ് ഹൈക്കോടതി പരിഗണിച്ചത്. എന്നാൽ ഇതിനിടയിൽ മുകേഷ് സിങ് ദയാഹർജിയുമായി മുന്നോട്ടുപോയതാണ് ശിക്ഷ നടപ്പിലാക്കുന്നത് വൈകാൻ കാരണം. ഇതോടെ 22ന് വധശിക്ഷ നടപ്പിലാക്കാൻ സാധിക്കില്ല എന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.
 
മുകേഷ് നൽകിയ ദയാഹർജി ഗവർണർക്ക് കൈമാറിയിട്ടില്ല. ദയാഹർജി തള്ളിയാൽ 14 ദിവസത്തെ നോട്ടീസ് പിരീഡ് പ്രതിക്ക് നൽകണം എന്നാണ് ചട്ടം. രാഷ്ട്രപതി ദയാഹർജിയിൽ തീരുമാനം എടുക്കുന്നത് വരെ വധശിക്ഷ നീട്ടിവക്കണം എനാണ് മുകേഷ് സിങ് കോടതിയിൽ ആവശ്യപ്പെട്ടത്. നിയമപരമായ എല്ലാ സാധ്യതകളും തേടാൻ അവസരം നൽകണം എന്ന് പ്രതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. 
 
എന്നാൽ ദയാഹർജിയും തിരുത്തൽ ഹർജിയും നൽകാനുണ്ടായ കാലതാമസത്തെ കോടതി ചോദ്യം ചെയ്തു. നിയമവ്യവസ്ഥയെ പ്രതികൾ ദുരുപയോഗം ചെയ്യുകയാണ് എന്നും കോടതി വിമർശനം ഉന്നയിച്ചു. നേരത്തെ പ്രതികളിൽ ഒരാളായ അക്ഷയ് സിങ് ദയാഹർജി നൽകിയിരുന്നു എങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. രണ്ട് പ്രതികൾക്ക് കൂടി ദയാഹർജി നൽകാനുള്ള സാഹചര്യം  നിലനിൽക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍