അതില്‍ ബോംബുണ്ടെന്ന് കേട്ടതോടെ പൊലീസ് വിരണ്ടു; മോഡല്‍ വിമാനത്താവളത്തെ വിറപ്പിച്ചു - ഒടുവില്‍ കുറ്റസമ്മതം

Webdunia
ശനി, 4 മാര്‍ച്ച് 2017 (17:45 IST)
സുഹൃത്തുക്കളെ കുടുക്കാൻ തമാശയ്‌ക്ക് ബാഗിൽ ബോംബുണ്ടെന്ന് വെളിപ്പെടുത്തിയ മോഡലിങ് താരത്തെ അറസ്റ്റ് ചെയ്തു. മുംബൈ മോഡൽ കൻചൻ താക്കൂറിനെയാണ് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ വെച്ച് പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ഡൽഹിക്കു പോകാനാണ് കൻചനും സുഹൃത്തുക്കളും മുംബൈ വിമാനത്താവളത്തിലെത്തിയത്. ആദ്യം ബോർഡിങ് ഗേറ്റ് കടന്ന കന്‍‌ചന്‍ സുഹൃത്തിന്റെ ബാഗിൽ ബോംബുണ്ടെന്നും വിശദമായി പരിശോധിക്കണമെന്നും തമാശയോടെ ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഈ സമയം ഉദ്യോഗസ്ഥര്‍ സുഹൃത്തുക്കളുടെ ബാഗ് പരിശോധിക്കുകയായിരുന്നു. കന്‍‌ചന്റെ പ്രസ്‌താവന വന്നതോടെ പരിഭ്രാന്തരായ സെക്യൂരിറ്റി ജീവനക്കാർ എയർപോർട്ട് അധികൃതരെയും സിഐഎസ്എഫിനെയും വിവരമറിയിച്ചു.

കൂടുതല്‍ പൊലീസും എയർപോർട്ട് അധികൃതരും ഉടന്‍ പാഞ്ഞെത്തി കൻചൻ ഉൾപ്പെടെയുള്ളവരെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്‌തു. പരിശോധനയില്‍ ബാഗില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ബോംബുണ്ടെന്ന് തമാശയ്ക്കാണ് പറഞ്ഞതെന്നു കൻചൻ വ്യക്തമാക്കിയെങ്കിലും അധികൃതർ നിയമനടപടി സ്വീകരിച്ചു.

കന്‍‌ചനും സുഹൃത്തുക്കളും കാരണം ഒരു മണിക്കൂറോളം വിമാനം വൈകി. വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തിയതിന് കൻചനെതിരെ പൊലീസ് കേസെടുത്തു.
Next Article