കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു - മക്കള്‍ നീതി മയ്യം

Webdunia
ബുധന്‍, 21 ഫെബ്രുവരി 2018 (20:33 IST)
നടന്‍ കമല്‍ഹാസന്‍ തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ‘മക്കള്‍ നീതി മയ്യം’ എന്നാണ് പാര്‍ട്ടിയുടെ പേര്. വലിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തിയാണ് കമല്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തിയത്.
 
പാര്‍ട്ടിയുടെ പതാകയും മധുരയില്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് പുതിയ ജീവിതശൈലിയുടെ തുടക്കമാണെന്നും ഒരു ദിവസത്തെ മാത്രം ആഘോഷമല്ലെന്നും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് കമല്‍ പറഞ്ഞു.
 
ഞാന്‍ ആരുടെയും നേതാവല്ല. ജനങ്ങളില്‍ ഒരാള്‍ മാത്രമാണ്. ജനങ്ങള്‍ക്കായി അവരുടെ പാര്‍ട്ടിയായിരിക്കും മക്കള്‍ നീതി മയ്യം. അഴിമതിയില്‍ മുങ്ങിയ കൈകളെ ചുട്ടെരിക്കുകയാണ് ചെയ്യേണ്ടതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. 
 
ബുധനാഴ്ച രാവിലെ രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിന്‍റെ ഭവനത്തില്‍ കമല്‍ സന്ദര്‍ശനം നടത്തി. അതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന്‍റെ ഭാഗമായ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചു.
 
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആയിരുന്നു പാര്‍ട്ടി പ്രഖ്യാപനത്തിലെ മുഖ്യാതിഥി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസ അറിയിച്ചുകൊണ്ട് വീഡിയോ സന്ദേശമയച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article