മലപ്പുറം: മലപ്പുറഞ്ഞ കൊടുവള്ളിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ജ്വല്ലറി ഉടമ മുത്തമ്പലം സ്വദേശി ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വർണം കവർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരൻ കടയുടമയുടെ സുഹൃത്ത് എന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് അയാളെ അറസ്റ്റ് ചെയ്തു. കേസിലെ സൂത്രധാരൻ ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയാതായി വടകര റൂറൽ എസ്‍പി മാധ്യമങ്ങളെ അറിയിച്ചു.
ബൈജുവിന്‍റെ കടയുടെ സമീപത്ത് തന്നെ ആഭരണ നിര്‍മാണ കട നടത്തുന്ന രമേശ് ആണ് ആക്രമണത്തിനു ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു. ബൈജുവിന്‍റെ സുഹൃത്താണ് രമേശ്. രമേശിനെ കൂടാതെ വിപിൻ, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 1.3 കിലോ സ്വര്‍ണ്ണം പൊലീസ് പിടിച്ചെടുത്തു.
അതേ സമയം കവര്‍ച്ചയ്ക്കു ശേഷം സംശയം തോന്നാതിരിക്കാൻ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നുവെന്നും വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടപ്പാക്കിയതെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ചയാണ് കൊടുവള്ളിയിലെ ചെറുകിട ആഭരണ നിർമ്മാണശാല ഉടമ മൂത്തമ്പലം സ്വദേശി ബൈജുവിനെ കാറിൽ എത്തിയ സംഘം പിന്നിൽ നിന്നും ഇടിച്ചിട്ടത് . സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു ബൈജുവിനെ ഇടിച്ചിട്ട ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഘം ബാഗിൽ സൂക്ഷിച്ച രണ്ട് കിലോയോളം സ്വർണവുമായി കടന്നു കളയുകയായിരുന്നു.
വ്യാജ നമ്പർ പ്ലേറ്റ് വെച്ച കാറും ആയിട്ടാണ് പ്രതികൾ എത്തിയത്. സിസിടിവികളും മൊബൈൽ ഫോണുകളുംകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്. രമേശ്, വിപിൻ, ഹരീഷ്, ലതീഷ്, വിമൽ എന്നിവരെ തൃശ്ശൂർ, പാലക്കാട് ഭാഗങ്ങളിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതുവരെ 1.3 കിലോയോളം സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്.