സുപ്രിം കോടതിയിലെ സംഭവങ്ങൾ ദൗർഭാഗ്യകരമാണ്, നടക്കാൻ പാടില്ലായിരുന്നു: ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ

Webdunia
വെള്ളി, 12 ജനുവരി 2018 (17:02 IST)
സുപ്രിം കോടതിയിൽ ഇന്ന നടന്ന സംഭവവികാസങ്ങൾ ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ പർതികരിച്ചു. ഇത് ഉണ്ടാകാന്‍ പാടില്ലാത്തയായിരുന്നു. സുപ്രീം കോടതിക്കെതിരെ ജനങ്ങളില്‍ സംശയങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ക്കൊണ്ട് ഉപകാരപ്പെടൂവെന്നും കെ.ജി ബാലകൃഷ്ണന്‍ പ്രതികരിച്ചു. 
 
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയത് അസാധാരണ സംഭവമായി മാറിയിരിക്കുകയാണ്. സുപ്രിംകോടതിയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ആരോപിച്ച് മുതിർന്ന് ജഡ്ജിമാരായ കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗോഗോയ്, ചെലമേശ്വര്‍, മദന്‍ ബി ലോകൂര്‍ എന്നിവർ രംഗത്തെത്തിയി‌രുന്നു.
 
കോടതിയിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിൽ കോടതിയോടും രാജ്യത്തോടും ചില കാര്യങ്ങൾ വെളിപ്പെടുത്തേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് ജഡ്ജിമാർ പറഞ്ഞു. പക്ഷപാതിത്വമില്ലാത്ത കോടതിയാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറ. പക്ഷേ കുറച്ച് മാസമായിട്ട് അസാധാരണമായ സംഭവവികാസങ്ങളാണ് നടക്കുന്നതെന്നും ഇവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 
 
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് ജസ്റ്റിറ്റ് കെ ടി തോമസും രംഗത്തെത്തിയിരുന്നു. അസാധാരണമായ സംഭവമാണ് സുപ്രിംകോടതിക്ക് പുറത്ത് നടന്നതെന്നായിരുന്നു ജസ്റ്റിസ് കെ ടി തോമസിന്റെ പ്രതികരണം. സുപ്രിം കോടതി ഭരണം കുത്തഴിഞ്ഞതാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ഫുൾ കോർട്ട് വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
 
ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്ന് കെ ടി തോമസ് വ്യക്തമാക്കി. സുപ്രീം കോടതിയ്ക്കകത്ത് അധികാരത്തര്‍ക്കങ്ങള്‍ ഉണ്ടാവുന്നത് നല്ല പ്രവണതയല്ല. ഇക്കാര്യത്തില്‍ ആദ്യം പരിഹാരം പറയേണ്ടത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തന്നെയാണെന്നും അദ്ദേഹം പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article