ഏഴു വർഷം നീണ്ട യുഡിഎഫ് ബന്ധം അവസാനി‌പ്പിച്ചു, ഇനി എൽഡിഎഫിലേക്ക്; വർഗീയതയെ ചെറുക്കാൻ നല്ലത് ഇടതു മുന്നണിയെന്ന് വീരേന്ദ്രകുമാർ

Webdunia
വെള്ളി, 12 ജനുവരി 2018 (16:50 IST)
ജെഡിയു യു ഡി എഫ് മുന്നണി വിട്ടു. ഇനി എല്‍ ഡി എഫുമായി സഹകരിക്കുമെന്ന് ജെഡിയു അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. രണ്ട് ദിവസമായി ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. യു ഡി എഫില്‍ നിന്നപ്പോള്‍ വലിയ നഷ്ടമുണ്ടായെന്നും വീരേന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു.
 
വര്‍ഗീയതയെ ചെറുക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എൽഡിഎഫിലേക്കു പോകാൻ വ്യാഴാഴ്ച നടന്ന ഭാരവാഹി യോഗത്തിൽ തീരുമാനമായിരുന്നു. നിലവില്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജെഡിഎസില്‍ ലയിക്കാതെ ഒറ്റയ്ക്കു നില്‍ക്കാനാണ് ആലോചന. 
 
നേരത്തേ, യുഡിഎഫിന്റെ വോട്ടിൽ രാജ്യസഭാംഗമായിരുന്ന എം.പി.വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ച ഒഴിവിലുള്ള രാജ്യസഭാ സീറ്റും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ടുസീറ്റും വേണമെന്ന് ജെഡിയു എൽഡിഎഫിൽ ആവശ്യപ്പെട്ടേക്കും. 
 
ഇടതു നേതാക്കളുമായി സംസാരിച്ചിട്ടില്ല. കൗൺസിൽ ചുമതലപ്പെടുത്തിയാൽ ചർച്ച ചെയ്യും. കോടിയേരി ബാലകൃഷ്ണന്റേയും കാനം രാജേന്ദ്രന്റേയും വാക്കുകൾ കേട്ടിരുന്നു. കേരള കോൺഗ്രസിനെ പോലെയല്ല പരിഗണിക്കുന്നതെന്ന് വ്യക്തമായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article