ബിജെപി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തീരുമാനം; ബിഡിജെഎസ് എന്‍ഡിഎ വിട്ടേക്കും - സൂചന നല്‍കി തുഷാര്‍
ശനി, 11 നവംബര്‍ 2017 (14:49 IST)
എന്‍ഡിഎ പാളയത്തില്‍ നിന്ന് ബിഡിജെഎസ് മാറുന്നുവെന്ന സൂചന നൽകി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. കാലാകാലം ഒരു മുന്നണിയിൽ തുടരാമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ല. അഭിപ്രായം ഇരുമ്പുലക്ക പോലെയല്ലെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിനു കീഴിലെ ബോർഡുകളിലും കോർപറേഷനുകളിലും പദവികൾ നൽകിയാൽ സ്വീകരിക്കേണ്ടെന്നു ബിഡിജെഎസ് തീരുമാനിച്ചു. എൻഡിഎയുടെ പ്രവർത്തനങ്ങളിലെ അതൃപ്തി ബിഡിജെഎസ് നേതൃത്വത്തെ അറിയിച്ചുവെന്നും തുഷാര്‍ വ്യക്തമാക്കി.
എൽഡിഎഫ്, യുഡിഎഫ് മുന്നണികളോട് ബിഡിജെഎസിന് അയിത്തമില്ല. അടുത്ത സംസ്ഥാന സർക്കാരിൽ ബിഡിജെഎസ് പ്രതിനിധി ഉണ്ടാകുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
വാഗ്ദാനം ചെയ്‌തിരുന്ന പദവികളൊന്നും ലാഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബിഡിജെഎസ് ബിജെപി നേതൃത്വത്തെ അതൃപ്‌തി അറിയിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ ജനരക്ഷാ യാത്രയില്‍ നിന്നും ബിഡി ജെ എസ് വിട്ടുനിന്നിരുന്നു. ബിജെപി സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനാണ് ബിഡിജെഎസിന്റെ തീരുമാനം.