പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മരണപ്പെട്ട അനുജന്റെ നീതിക്കായി 760 ദിവസത്തിലധികമായി സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് വർഷത്തിലധികമായി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തി വരുന്ന ശ്രീജിത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. അത് നിറവേറ്റാന്‍ സാധ്യമായതെല്ലാം ചെയ്യും. സര്‍ക്കാര്‍ എല്ലാ വിധ പിന്തുണയും ശ്രീജിത്തിന് നല്‍കും.ഇക്കാര്യം ഇന്ന് ശ്രീജിത്തുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഔദ്യോഗികമായി കത്തയച്ചിരുന്നു. ശ്രീജിത്തും അമ്മയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉയര്‍ത്തുന്ന പ്രശ്‌നത്തെയും വികാരത്തെയും മതിക്കുന്നതാണ്; അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ശരി എന്ന ബോധ്യമുണ്ട്. ആ ബോധ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പിണറായി വിജയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ശ്രീജിത്തുമായി മുഖ്യമന്ത്രി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. സി.ബി.ഐ അന്വേഷണത്തിനുള്ള ഉത്തരവ് നിലവിൽ വരുന്നത് വരെ തന്റെ സമരം തുടരുമെന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ശ്രീജിത്ത് പറഞ്ഞത്.