ചോറ്റാനിക്കര വധക്കേസ്: ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ; കുട്ടിയുടെ അമ്മ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ജീവപര്യന്തം

തിങ്കള്‍, 15 ജനുവരി 2018 (11:43 IST)
ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷ. കുട്ടിയുടെ അമ്മയായ റാണി, സഹായിയായ ബേസില്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. രഞ്ജിത്തും റാണിയും ചേര്‍ന്നായിരുന്നു റാണിയുടെ കുട്ടിയെ കൊലപ്പെടുത്തിയത്. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി.
 
നേരത്തെ ഒന്നാം പ്രതിയായ രഞ്ജിത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എറണാകുളം സബ് ജയിലില്‍ വെച്ച് വിഷം കഴിച്ചായിരുന്നു ഒന്നാം പ്രതിയായ രഞ്ജിത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. 2013 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട കുട്ടിയും അമ്മയും ചോറ്റാനിക്കര അമ്പാടിമലയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഇവരുടെ രണ്ടു മക്കളിൽ മൂത്ത കുട്ടിയാണു കൊല്ലപ്പെട്ടത്. 
 
ഭർത്താവ് ജയിലിലായിരിക്കെ രഞ്ജിത് എന്ന ഒരാളുമായി കുട്ടിയുടെ അമ്മ അടുപ്പത്തിലായി. ഇവരുടെ രഹസ്യ ബന്ധത്തിനു കുട്ടി തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കേസ്. കൊലയ്ക്കു ശേഷം ആരക്കുന്നം കടയ്ക്കാവളവിൽ മണ്ണെടുക്കുന്ന സ്ഥലത്തു മൃതദേഹം കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ചോറ്റാനിക്കര പൊലീസിൽ ഇവര്‍ പരാതിയും നൽകി. 
 
സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം  ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ വിവരം പുറത്തറിഞ്ഞത്. കൊല്ലുന്നതിനു മുൻപ് രഞ്ജിത്തും സുഹൃത്ത് ബേസിലും കുട്ടിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കിയതായി പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ  വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍