ഹരിദ്വാര്‍ സ്വദേശിയായ സാധു അമര്‍ ഭാരതി കടുത്ത ശിവഭക്തനാണ്. മുഴുവന്‍ സമയവും പ്രാര്‍ത്ഥനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ലെന്ന് മനസിലായതോടെ 1970ല്‍ കുടുംബം ഉപേക്ഷിച്ചു. ഭക്തിയും പ്രാര്‍ത്ഥനയും ദേശ സഞ്ചാരവുമെല്ലാമായി സാധു മൂന്ന് വര്‍ഷം സാധാരണപോലെ മുന്നോട്ടു പോയി.
ഒരിക്കല്‍ പ്രാര്‍ത്ഥനയ്ക്ക് തീവ്രത കൂടിയപ്പോള്‍ ആകാശത്തേക്ക് ഉയര്‍ത്തിയ കൈ ഇനി താഴ്ത്തുന്നില്ല എന്ന് തീരുമാനിച്ചു. 1973ല്‍ മുകളിലേക്ക് ഉയര്‍ന്ന സാധുവിന്റെ വലത് കൈ പിന്നീട് താഴ്ന്നില്ല. ഉയര്‍ത്തിപ്പിടിച്ച കൈ 41 വര്‍ഷമായി അതുപോലെ നില്‍ക്കുകയാണ്. ലോക സമാധാനത്തിന് വേണ്ടി പരമശിവനോടുള്ള പ്രാര്‍ത്ഥനയാണ് സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉയര്‍ത്തിയ തന്റെ കൈ എന്നാണ് സാധു പറയുന്നത്.
കൈ ഉയര്‍ത്തി പിടിച്ചപ്പോള്‍ ആദ്യമൊക്കെ മരവിപ്പും വേദനയും തോന്നിയിരുന്നുവെന്ന് സാധു പറയുന്നു. ഇപ്പോള്‍ അങ്ങനെയൊരു അവയവം ശരീരത്തില്‍ ഉണ്ടെന്നേ തോന്നുന്നില്ല. കൈ പൂര്‍ണമായും മരവിച്ച് പോയിരിക്കുന്നു. നഖം വെട്ടണമെങ്കില്‍ കൈ താഴ്‌ത്തേണ്ടി വരുന്നതിനാല്‍ നഖവും വെട്ടാറില്ല. കിടന്നുറങ്ങുമ്പോള്‍ പോലും സാധുവിന്റെ കൈ മുകളിലേക്ക് ഉയര്‍ന്നിരിക്കും. ഇപ്പോള്‍ മനപ്പൂര്‍വ്വം ഉയര്‍ത്തേണ്ട കാര്യം പോലുമില്ല. തന്റെ വിശ്വാസ രീതിയിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള പരിപാടിയും സാധുവിനുണ്ട്. പക്ഷെ നാളിതുവരെ ഇതു പോലെ കൈ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ അനുയായികളെ സാധുവിന് കിട്ടിയിട്ടില്ല.