ഷങ്കര്‍ സംവിധാനം ചെയ്ത ‘എന്തിരന്‍’ എന്ന രജനികാന്ത് ചിത്രം കേരളത്തില്‍ വലിയ പടയോട്ടം നടത്തിയ സിനിമയാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട തമിഴ്പടങ്ങളുടെ നിരയിലാണ് എന്തിരന്‍റെ സ്ഥാനം. എന്തിരന്‍റെ ടെക്‍നിക്കന്‍ ബ്രില്യന്‍സ് കണ്ട് ഞെട്ടിയ മലയാളികള്‍ ഇന്നും അതിന്‍റെ ഹാംഗോവറില്‍ നിന്ന് മോചിതരായിട്ടില്ല.
രജനികാന്തിന്‍റെ ഏറ്റവും പുതിയ സിനിമയായ കബാലി ഇപ്പോള്‍ എന്തിരന്‍റെ കേരളത്തിലെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്. കേരളത്തില്‍ എന്തിരന്‍ നേടിയ ടോട്ടല്‍ കളക്ഷന്‍റെ റെക്കോര്‍ഡ് തകര്‍ത്താണ് കബാലി കുതിക്കുന്നത്. വെറും 14 ദിവസങ്ങള്‍ കൊണ്ട് 15.31 കോടി രൂപയാണ് കബാലി സ്വന്തമാക്കിയത്. എന്തിന്‍റെ കേരളത്തിലെ മൊത്തം കളക്ഷന്‍ 15.30 കോടി രൂപയായിരുന്നു.
മോഹന്‍ലാലാണ് കബാലി കേരളത്തില്‍ വിതരണം ചെയ്തത്. ഏകദേശം എട്ടരക്കോടി രൂപയ്ക്കായിരുന്നു കബാലി മോഹന്‍ലാല്‍ വാങ്ങിയത്. എന്തായാലും രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ഇരട്ടി കളക്ഷന്‍ സ്വന്തമാക്കി കബാലി മോഹന്‍ലാലിന് കോടികളുടെ ലാഭമാണ് നേടിക്കൊടുത്തിരിക്കുന്നത്.
സാക്ഷാല്‍ ഷങ്കറിന്‍റെ ചിത്രത്തെ മലര്‍ത്തിയടിച്ചാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കബാലി കേരളത്തില്‍ പടയോട്ടം നടത്തുന്നത്. ഇനി കബാലിയുടെ മുമ്പിലുള്ളത് ഷങ്കറിന്‍റെ തന്നെ ‘ഐ’ ആണ്. 19 കോടി രൂപയാണ് കേരളത്തില്‍ നിന്ന് ഐ സ്വന്തമാക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഐയുടെ റെക്കോര്‍ഡ് കബാലി തകര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.