കശ്മീരിലെ പൂഞ്ച് സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് നാട്ടുകാർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പൂഞ്ചിലെ ബാലകോട്ട് സെക്റ്ററിലാണ് പാകിസ്ഥാൻ രൂക്ഷമായ ഷെല്ലാക്രമണം തുടരുന്നത്.
മൂന്ന് കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. വീടിനുമുകളില്‍ പതിച്ച ഷെല്ലാണ് അഞ്ചുപേരുടേയും ജീവനെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി കാശ്മീർ പൊലീസ് ഡിജിപി എസ്പി വാജിദ് കൂട്ടിച്ചേർത്തു.
മേഖലയിലെ ജനവാസകേന്ദ്രങ്ങളിലാണ് പാക് സേനയുടെ ശക്തമായ ഷെല്ലാക്രമണം ഉണ്ടായത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്.
രാജ്യരക്ഷയ്ക്കായി വേണ്ടിവന്നാൽ സൈന്യം അതിർത്തി കടക്കാനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി ഒരു ദിവസം പിന്നിടുന്പോഴാണ് പാക് സേനയുടെ പ്രകോപനമുണ്ടായിരിക്കുന്നത്.