മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി അരുണ്‍ലാല്‍ ലെനിന്‍. രാജ്യത്തിന്റെ നട്ടെല്ലായ ഉൽപാദകവിഭാഗം അടിസ്ഥാന ആവശ്യങ്ങൾക്കായി നടത്തുന്ന സമരം ഇപ്പോഴും വേണ്ടത്ര ചർച്ചയായിട്ടില്ല. കർഷകരോടുള്ള ഈ അവഗണനയ്ക്കെതിരെ നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു.
മാര്‍ച്ച് മൂന്നിന് ത്രിപുര കത്തിയ ദിവസം അവര്‍ പടക്കോപ്പ് കൂട്ടുകയായിരുന്നു, സമരത്തിനായി. ചുറ്റിലും മനുഷ്യര്‍ ചത്ത് തീരുമ്പോഴും അവര്‍ പുലര്‍ത്തിയ പ്രത്യാശയ്ക്കും പോരാടാനുറച്ച് മനസിനും പകരം വെക്കാനൊന്നുമില്ലെന്ന് ലെനിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മാര്‍ച്ച് മൂന്നിന് ത്രിപുര തീരുമാനമായ അന്ന് രാത്രി എത്രായിരം പേര്‍ ഉറക്കമില്ലാതെ കഴിച്ച് കൂട്ടിയെന്ന് ഊഹിക്കാം. ഉറച്ച പ്രതീക്ഷയുടെ മേല്‍ക്ക് കാവി പടര്‍ന്നത് നമ്മെ അസ്വസ്ഥപ്പെടുത്തി. പിന്നെയും രാത്രികള്‍ നമ്മള്‍ ഉറങ്ങിയില്ല. നിരാശയല്ലാതെ നമുക്ക് ഒന്നും പരസ്പരം പങ്കുവെക്കാനുണ്ടായിരുന്നില്ല. പിന്നീടൊരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് പാതയെ പുതപ്പിച്ച ചുവപ്പാണ്. ത്രിപുരയില്‍ നാസികിലേക്കുള്ള ദൂരം നാലേ നാല് ദിവസമായിരുന്നു. മാര്‍ച്ച് ഏഴിന് അവര്‍ തുടങ്ങി. നമ്മളേക്കാള്‍ എത്രമടങ്ങ് പ്രത്യാശയുള്ള നിശ്ചയദാര്‍ഢ്യവുമുള്ള മനുഷ്യരായിരുന്നു അവരെന്ന് ഓര്‍ക്കുകയാണ്.
ചുറ്റിലും മനുഷ്യര്‍ ചത്ത് തീരുമ്പോഴും അവര്‍ പുലര്‍ത്തിയ പ്രത്യാശയ്ക്കും പോരാടാനുറച്ച് മനസിനും പകരം വെക്കാനൊന്നുമില്ല. ത്രിപുര കത്തിയ രാത്രിയില്‍, നമ്മളുറങ്ങാതിരുന്ന രാത്രിയില്‍ അവര്‍ പടയ്ക്ക് കോപ്പ് കൂട്ടുകയായിരുന്നെന്നോര്‍ക്കുമ്പോള്‍ ഒരു ഉള്‍ക്കിടിലം തോന്നുന്നുണ്ടോ. എനിക്ക് തോന്നുന്നുണ്ട്. എന്ത് പേരിട്ടതിനെ വിളിക്കണമെന്നറിയില്ല. ഒന്നു മാത്രം ഇപ്പോഴറിയാം. അത് ആ സാധു മനുഷ്യര്‍ പഠിപ്പിച്ച് തന്നതാണ്. നിരാശരായിരിക്കാന്‍ നമുക്ക് അവകാശമില്ല!