ത്രിപുരയെ കൊലക്കളമാക്കി ബിജെപി; പക്ഷേ പതിനൊന്നാം തീയ്യതി സിപി‌എമ്മിനു‌ള്ളതാണ്

ബുധന്‍, 7 മാര്‍ച്ച് 2018 (14:37 IST)
ഇടതുകോട്ടയായിരുന്ന ത്രിപുരയിലെ വിജയം ബിജെപി ആഘോഷിക്കുന്ന ആക്രമാസക്തമായിട്ടാണ്. നഗരത്തിലും ഗ്രാമങ്ങളിലും അക്രമണം അഴിച്ചു വിട്ടിരിക്കുകയാണ് ബിജെപി. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. 
 
നൂറ് കണക്കിന് സിപിഎം ഓഫീസുകളാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ തകര്‍ക്കപ്പെട്ടത്. ആക്രമണം വ്യാപകമായതോടെ സിപിഎം നേതൃത്വം പൊലീസില്‍ പരാതി നല്‍കി. സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ നിരവധി വീടുകള്‍ തകര്‍ത്തു. 
 
അക്രമം അതിരുകടന്നതോടെ ഭയക്കുന്നത് ബിജെപി തന്നെയെന്ന് റിപ്പോര്‍ട്ട്. ഇനി നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ജയിക്കാനാകില്ലേയെന്ന് ബിജെപി നേത്രത്വം സംശയിക്കുന്നു. ത്രിപുരയില്‍ നടക്കുന്ന അക്രമങ്ങള്‍ ബിജെപിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
 
ഐ.ബി റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ആക്രമണത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇനി ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ‘ചരിലാം’ മണ്ഡലത്തിലും ബിജെപിക്ക് വിജയം അനിവാര്യമാണ്. സിപിഎം സ്ഥാനാര്‍ത്ഥി മരണപ്പെട്ടതിനാലാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റി വച്ചത്.
 
ഈ മണ്ഡലത്തില്‍ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. നിലവിലെ സ്ഥിതിഗതികള് കണക്കിലെടുത്താല്‍ ഇവിടെ സി‌പി‌എം സ്ഥാനാര്‍ത്ഥി ജയിക്കുമോ എന്ന ഭയമാണ് നേത്രത്വത്തിനുള്ളത്. അങ്ങനെ വന്നാല്‍ അത് ത്രിപുരയിലെ ബി.ജെ.പി വിജയത്തിന്റെ ശോഭ കെടുത്തുമെന്നും ഇടതുപാര്‍ട്ടികള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നും ബി.ജെ.പി ഭയക്കുന്നു.
 
ത്രിപുരയില്‍ ഇതുവരെ ഗര്‍ഭിണിയടക്കം രണ്ടു പേര്‍ കൊല്ലപ്പെടുകയും അനവധി പേര്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പൂര്‍ണ്ണ ഗര്‍ഭിണിയായ സഞ്ജു പട്ടാരിര്‍ബോയാണ് ദാരുണമായി മരണപ്പെട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
 
തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശനിയാഴ്ച രാത്രി മാത്രം 200ലധികം ആക്രമണ സംഭവങ്ങളാണ് ഉണ്ടായത്. സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണമാണ് നടത്തുന്നതെന്ന് എംപി ശങ്കര്‍പ്രസാദ് ദത്ത ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍