ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ഇന്ത്യയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസാകും. ഡോ.ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഢ് എന്നാണ് മുഴുവന്‍ പേര്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്റെ പേര് നിര്‍ദേശിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിനാണ് ചീഫ് ജസ്റ്റിസ് ശുപാര്‍ശ കൈമാറിയിരിക്കുന്നത്.
നവംബര്‍ ഒന്‍പതിന് ഡി.വൈ.ചന്ദ്രചൂഢ് പുതിയ ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചീഫ് ജസ്റ്റിസ് പദവിയില്‍ രണ്ട് വര്‍ഷത്തെ കാലാവധിയാണ് ഡി.വൈ.ചന്ദ്രചൂഢിനുള്ളത്. 2024 നവംബര്‍ പത്തിനാണ് വിരമിക്കുക. 2016 മെയ് 13-നായിരുന്നു ഡി.വൈ.ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേല്‍ക്കുന്നത്.
സുപ്രധാനമായ പല വിധികളും പുറപ്പടുവിച്ച ഭരണഘടനാ ബെഞ്ചില്‍ അംഗമായിരുന്നു ഡി.വൈ.ചന്ദ്രചൂഢ്. സ്വകാര്യത പൗരന്റെ മൗലികാവകാശം ആണെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി എഴുതിയത് ജസ്റ്റിസ് ചന്ദ്രചൂഢ് ആയിരുന്നു. അയോധ്യ കേസ്, ശബരിമല യുവതി പ്രവേശന കേസ് തുടങ്ങിയ വിധികള്‍ പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു. ആധാര്‍ ഭരണഘടനാപരമാണെന്ന ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയോട് വിയോജിച്ച് അദ്ദേഹം എഴുതിയ ഭിന്നവിധിയും ശ്രദ്ധേയമായിരുന്നു.