തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ആറു മണിയോടെ ചെന്നൈ ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചത്.
ത്വക്ക് രോഗത്തെ തുടര്‍ന്ന് ഉണ്ടായ അലര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു കരുണാനിധി. ഭാര്യ രാജാത്തി അമ്മാള്‍, മകന്‍ സ്റ്റാലിന്‍, ദയാനിധി മാരന്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ ഉണ്ട്.
കരുണാനിധിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.