2000ത്തിന്റെ പുതിയ നോട്ട് തട്ടിക്കൂട്ടോ? മൂന്ന് മാസം മുമ്പ് പ്രിന്റ് ചെയ്ത നോട്ടിൽ രണ്ട് മാസം മുമ്പ് ചുമതലയേറ്റ റിസർവ് ഗവർണറുടെ ഒപ്പ്?!

Webdunia
തിങ്കള്‍, 14 നവം‌ബര്‍ 2016 (13:58 IST)
500ന്റേയും 1000ത്തിന്റേയും നോട്ടുകൾ പടിക്ക് പുറത്തേക്ക് പോയപ്പോൾ 2000ത്തിന്റെ പുതിയ നോട്ടുകളാണ് വിപണിയിലെ താരം. എന്നാൽ, പുറത്തിറങ്ങുന്നതിനു മുമ്പേ 2000ത്തിന്റെ വ്യാജനിറങ്ങി. കൈയ്യിൽ കിട്ടിയ പുതിയ നോട്ടുകൾ ആരും വാങ്ങാതേയുമായി. തുടങ്ങി വിവാദങ്ങൾ പുതിയ നോട്ടിനൊപ്പം തുടക്കം മുതലേ ഉണ്ട്. ഇപ്പോഴിതാ മറ്റൊരു ആക്ഷേപം കൂടി പുത്തൻ നോട്ടിനെ തേടിയെത്തിയിരിക്കുകയാണ്.
 
ആറ് മാസം മുമ്പ് പുതിയ നോട്ടിനായുള്ള പണികൾ ആരംഭിച്ചുവെന്നും മൂന്ന് മാസം മുമ്പ് പ്രിന്റിങ് കഴിഞ്ഞുവെന്നുമായിരുന്നു അവകാശപ്പെടുന്നത്. എന്നാൽ, മൂന്ന് മാസം മുമ്പ് പ്രിന്റിങ് കഴിഞ്ഞ നോട്ടിൽ രണ്ട് മാസം മുമ്പ് റിസർവ് ഗവർണറായി ചുമതലയേറ്റ ഊർജിത് പട്ടേലിന്റെ കയ്യൊപ്പ് എങ്ങനെ വന്നു എന്നതാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച.
 
ആറു മാസം മുമ്പ് നോട്ടിന്റെ പണികൾ ആരംഭിച്ചെങ്കിൽ, മൂന്ന് മാസം മുമ്പാണ് പ്രിന്റിംഗ് കഴിഞ്ഞതെങ്കിൽ നോട്ടിൽ കാണേണ്ടത് രഘുറാം രാജന്റെ ഒപ്പല്ലേയെന്നും ചിലർ ചോദിക്കുന്നു. നോട്ട് തട്ടിക്കൂട്ടാണെന്നും ആരോപണങ്ങൾ ഉണ്ട്. പെട്ടന്ന് നടത്തിയ നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിന്റെ പുറകേ ഇതുകൂടി ആയപ്പോൾ മുൻകൂട്ടി നടപടികൾ സ്വീകരിക്കാതെയാണ് പ്രഖ്യാപനം നടത്തിയതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്.
Next Article