കോളേജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന സിപിഎം റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പസുകളിൽ ഇത്തരം ശ്രമങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ചോദ്യോത്തര വേളയില്‍ ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നായിരുന്നു സിപിഎം പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നത്.
ഇത് സംബന്ധിച്ച് യാതൊരു ഇന്റലിജൻസ് റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വ്യാജവാര്‍ത്തകള്‍ നല്‍കി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ചില ഓണ്‍ലൈന്‍ പോർട്ടലുകള്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി ആരോപിച്ചു.. ഇത് തടയാന്‍ രഹസ്യാന്വേഷണ വിഭാഗവും സൈബര്‍ സെല്ലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ചില ഓണ്‍ലൈന്‍ പോർട്ടലുകള്‍ക്കെതിരേ നടപടി എടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.