കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം കടം 176 ലക്ഷം കോടിയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 141 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ വായ്പ. ഇത് ഒരു വര്‍ഷം കൊണ്ട് 25 ശതമാനം വര്‍ധിച്ചാണ് 176 കോടിയെന്ന ഭീമമായ സംഖ്യയിലേക്ക് എത്തിയത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് കേന്ദ്ര സര്‍ക്കാറിന്റെ കടബാധ്യതയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം പാദവാര്‍ഷിക കണക്കെടുത്താല്‍ കഴിഞ്ഞ ടേമിനേക്കാള്‍ കുറവാണ് വായ്പയിലെ വര്‍ധന. കഴിഞ്ഞ വര്‍ഷം 4.6 ശതമാനം വര്‍ധിച്ചിടത്ത് ഇത്തവണ അത് 1.2 ശതമാനത്തിന്റെ വര്‍ധനയാണ്.
കേന്ദ്രത്തിന്റെ ആകെ കടത്തില്‍ 9.78 ലക്ഷം കോടിയാണ് ബാഹ്യ വായ്പ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.50 ലക്ഷം കോടിയായിരുന്നു. 149 കോടിയുടെ ആഭ്യന്തര കടത്തില്‍ 104.5 കോടിയും ബോണ്ടുകളിലൂടെയുള്ള വായ്പയാണ്. സെക്യൂരിറ്റികള്‍ വഴി 27 ലക്ഷം കോടിയും ടി ബില്ലുകള്‍ വഴി 10.5 ലക്ഷം കോടിയും 78,500 കോടി സ്വര്‍ണ ബോണ്ടുകള്‍ വഴിയുമാണ്.