‘അവിടെയുണ്ടായിരുന്ന ഓരോരുത്തരും എന്റെ ശരീരം ഉപയോഗിച്ചു, ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുമ്പോൾ താൻ അഞ്ചു മാസം ഗർഭിണിയായിരുന്നു’ - ഗുജറാത്ത് കലാപത്തിനിടെ ബലാത്സംഗം ചെയ്യപ്പെട്ട് നിരവധി സ്ത്രീകൾ

Webdunia
വ്യാഴം, 25 ഏപ്രില്‍ 2019 (16:11 IST)
ബിൽക്കീസ് ബാനു - ഇന്ത്യൻ ജനത മറക്കാൻ ഇടയില്ലാത്ത പേര്. 2002 മാർച്ച് മൂന്നിന് നടന്ന ഗുജറാത്ത് കലാപത്തിൽ ആക്രമിക്കപ്പെടുകയും മറക്കാനാകാത്ത പീഡനാനുഭവങ്ങൾ സമൂഹത്തോട് തുറന്നു പറയുകയും ചെയ്ത പെൺകുട്ടി. അന്ന് അവൾക്ക് 19 വയസ്സായിരുന്നു. ഗുജറാത്ത് കലാപത്തോടൊപ്പം ബില്‍ക്കീസ് ബാനു ബലാത്സംഗക്കേസും മാധ്യമങ്ങൾ ചർച്ച ചെയ്തു. 
 
നീതി ആവശ്യപ്പെട്ട് അവൾ പൊലിസ് സ്റ്റേഷനുകളിലും കോടതി മുറികളിലും കയറിയിറങ്ങി. കേസിലെ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന ആവശ്യം മുംബൈ ഹൈക്കോടതി തള്ളി. 11 പ്രതികളുടെ ജീവപര്യന്തം മാത്രം ഹൈക്കോടതി ശരിവെച്ചു. 
 
ഗോദ്ര കലാപത്തിന് ശേഷം നടന്ന അക്രമ സംഭവങ്ങളിലാണ് ബില്‍ക്കിസ് ബാനു ബലാത്സംഗം ചെയ്യപ്പെട്ടത്. അഞ്ചു മാസം ഗർഭിണിയുമായിരുന്നു. കലാപത്തിനിടെ ബിൽക്കീസ് ഉൾപ്പെടെ 17 പേർ ആക്രമികളിൽ നിന്നും രക്ഷപെട്ട് ട്രക്കിൽ അഭയം പ്രാപിക്കുകയായിരുന്നു. ദൊഹാദ് ജില്ലയിലേക്കായിരുന്നു അവരുടെ യാത്ര. 
 
എന്നാൽ യാത്രാമദ്ധ്യേ ആയുധധാരികളായ ആൾക്കുട്ടം ട്രക്ക് തടയുകയും കൂടെയുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു. അന്നത്തെ ദിവസത്തെ കുറിച്ച് ബിൽക്കീസ് തന്നെ പറയുകയുണ്ടായി. ' എന്റെ കുടുംബത്തിലെ നാലു പുരുഷൻമാരും അതിക്രൂരമായിട്ടാണ് കൊല്ലപ്പെട്ടത്. സ്ത്രീകൾ വിവസ്ത്രയാക്കപ്പെടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. എന്റെ ഉമ്മയെ എന്റെ മുന്നിൽ വെച്ച് തന്നെ ക്രൂരമായി കൊന്നു. മൂന്ന് വയസ്സുള്ള എന്റെ കുഞ്ഞിനെ ദൂരേക്ക് വലിച്ചെറിഞ്ഞു. ആ കുഞ്ഞു ശിരസ് കല്ലിൽ തട്ടി ചിതറിയപ്പോൾ തകർന്നത് എന്റെ ഹൃദയമാണ്'. - ബിൽക്കീസ് പറയുന്നു.
 
ക്രൂരമായ ബലാത്സംഗത്തിന് ശേഷം ദണ്ഡുകൊ‌ണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. മരിച്ചെന്ന് കരുതിയാണ് ആക്രമികൾ ബിൽക്കീസിനെ അടുത്തുള്ള കുറ്റി‌ക്കാട്ടിൽ ഉപേക്ഷിച്ചതെന്ന് അന്നത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
 
'ക്രൂരമായ ബലാത്സംഗത്തിന് അവരെന്നെ ഇടയാക്കി. അവിടെ ഉണ്ടായിരുന്നവർ ഓരോരുത്തരും എന്റെ ശരീരം ഉപയോഗിച്ചു. അവരുടെ കാലുകൾ എന്റെ വയറ്റിൽ അമർന്നിരിക്കുകയായിരുന്നു. ക്രൂരമായ പീഡനം നടക്കുമ്പോൾ താൻ അഞ്ചു മാസം ഗർഭിണിയാണെന്ന് പറയാൻ കഴിഞ്ഞില്ല. മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ച് പോയ താൻ ഒരു കുന്നിൻ മുകളിൽ കിടന്നത് ഒന്നര ദിവസമായിരുന്നുവെന്ന് ബിൽക്കീസ് പിന്നീട് വ്യക്തമാക്കി.
 
ആക്രമണം കഴിഞ്ഞപ്പോൾ എനിക്ക് ബോധം വരികയും മരിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ അതിന് കഴിഞ്ഞില്ല. രക്ഷപെട്ടപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ കയറിയിറങ്ങി. അവർ ഭീഷണി മുഴക്കി. കേസ് നൽകിയപ്പോൾ കുടുംബത്തിന് നെരെ ഭീഷണിയുണ്ടായി.
 
അന്നത്തെ ആക്രണത്തില്‍ ബില്‍ക്കിസിന്റെ മകള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ശിക്ഷയ്ക്ക് ഇടേ ജയിലില്‍ വെച്ച് മരിച്ചു. ഇന്നും കേസുമായി ബന്ധപ്പെട്ട നൂലാമാലകളുമായി ഉഴലുകയാണ് ബില്‍ക്കിസ് ബാനുവും ഭര്‍ത്താവ് യാക്കൂബ് റസൂല്‍ ഖാനും അവരുടെ നാലു മക്കളും. 
 
കഴിഞ്ഞ പതിനാറു വര്‍ഷങ്ങള്‍ക്കിടെ ഇരുപതുവട്ടമെങ്കിലും അവര്‍ക്ക് വാടക വീടുകള്‍ മാറേണ്ടി വന്നിട്ടുണ്ട്. ഗുജറാത്ത് കലാപകാലത്ത് ബലാത്സംഗത്തിന് ഇരയായ പല സ്ത്രീകളും കുടുംബത്തിനുണ്ടായേക്കാവുന്ന മാനഹാനി ഭയന്ന് ഒന്നും തുറന്നു പറഞ്ഞില്ല. എന്നാല്‍, അവരിൽ നിന്നെല്ലാം വ്യത്യസ്തമായി തലയുയർത്തിപ്പിടിച്ച് ബില്‍ക്കിസ് ബാനു എന്ന ധീരയായ യുവതി ഗര്‍ഭിണിയായ തന്നെ ബലാത്സംഗം ചെയ്തവരോട് പൊറുക്കാന്‍ തയ്യാറാവാതെ എല്ലാം തുറന്നു പറഞ്ഞു. അതുകൊണ്ടു മാത്രം  ഗുജറാത്ത് കലാപത്തിന്റെ ഭീകരമായ മുഖത്തെപ്പറ്റി ലോകമറിഞ്ഞു. 
 
വർഷങ്ങൾ നീണ്ട വിചാരണകൾക്കൊടുവിൽ ഇപ്പോൾ കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് രണ്ടാഴ്ചയ്ക്കകം അമ്പത് ലക്ഷം രൂപ ബില്‍ക്കിസ് ബാനുവിന് നഷ്ടപരിഹാരമായി നല്‍കണം എന്ന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രീം കോടതി ഇന്നലെ. കലാപത്തിനിടെ ബാനു അനുഭവിച്ച ദുരിതങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായി അവര്‍ക്ക് നിയമാനുസൃതമുള്ള ഒരു സര്‍ക്കാര്‍ ജോലിയും താമസ സൗകര്യങ്ങളും അനുവദിച്ചുനല്‍കണം എന്നാണ് കോടതിയുടെ നിര്‍ദേശം. 

അനുബന്ധ വാര്‍ത്തകള്‍

Next Article