അല്ലു അര്‍ജുന്‍ ചോദ്യം ചെയ്യലിനായി പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. ഇന്ന് രാവിലെ 11 മണിയോടെയാണ് താരം ചിക്കഡപള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരായത്. അല്ലു അര്‍ജുന്റെ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് യുവതി മരിച്ച സംഭവത്തിലാണ് പ്രതിയായ താരത്തെ ചോദ്യം ചെയ്യുന്നത്. പരിസരത്ത് ശക്തമായ സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്‌റ്റേഷന്‍ പരിസരത്ത് അല്ലു അര്‍ജുന്റെ ധാരാളം ആരാധകരും എത്തിയിട്ടുണ്ട്. നേരത്തെ ജയില്‍ മോചിതനായ താരം കേസന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും നിയമത്തെ ബഹുമാനിക്കുന്നുവെന്നും പറഞ്ഞിരുന്നു.
ഷോയ്ക്കിടെ തിരക്കില്‍പ്പെട്ട് മരിച്ച യുവതിയുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സെക്കന്തരാബാദിലെ കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് 9 വയസുകാരനായ കുട്ടി. കുട്ടിയുടെ ആരോഗ്യ വിവരം ഓരോ മണിക്കൂറിലും താന്‍ അന്വേഷിക്കുന്നുണ്ടെന്നും തനിക്ക് ഇതേ പ്രായത്തില്‍ ഒരു കുട്ടിയുണ്ടെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു.