മുംബൈ ഭീകരാക്രമണകേസില്‍ അടുത്തമാസം വിചാരണ തുടങ്ങും എന്ന പാകിസ്ഥാന്റെ പ്രസ്താവന നടപടി തുടങ്ങിക്കഴിഞ്ഞ ശേഷം മാത്രമേ സ്വാഗതം ചെയ്യുകയുള്ളൂ എന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. വിചാരണ തുടങ്ങുമ്പോള്‍ അതൊരു പുരോഗമനപരമായ നടപടിയാണെന്ന് അംഗീകരിക്കാം. നേരത്തെ വിചാരണയുടെ തീയതി വരെ നിശ്ചയിച്ചിരുന്നതും പിന്നീട് ബന്ധപ്പെട്ട ജഡ്ജി അവധിയാണെന്ന കാരണം പറഞ്ഞ് വിചാരണ മാറ്റിവച്ചതും ചിദംബരം ചൂണ്ടിക്കാട്ടി.
മുംബൈ ഭീകരാക്രമണ കേസില്‍ പാകിസ്ഥാന്‍ വിചാരണ തുടങ്ങണം എന്നും ലഷ്കര്‍-ഇ-തൊയ്ബ സ്ഥാപകന്‍ ഹഫീസ് സയീദിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും വേണമെന്നും ചിദംബരം ആവശ്യപ്പെട്ടു. സയീദിനെതിരെയുള്ള തെളിവുകള്‍ പാകിസ്ഥാനിലാണ്, അവ കണ്ടെത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട്, ഇന്ത്യയുടെയും എഫ്‌ബിഐയുടെയും പല ചോദ്യങ്ങള്‍ക്കും പാകിസ്ഥാന്‍ മറുപടി നല്‍കാനുണ്ടെന്നും ചിദംബരം പറഞ്ഞു.
26 /11 കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായവരുടെ വിചാരണ ഒക്ടോബറില്‍ തുടങ്ങുമെന്ന് പാക് വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ഇന്തോ-പാക് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു.