സിബിഐയുടെ വിലങ്ങുകള്‍ നീങ്ങുന്നു

Webdunia
വെള്ളി, 28 ജൂണ്‍ 2013 (14:51 IST)
PRO
PRO
സിബിഐയ്ക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള മന്ത്രിസഭാ സമിതിയുടെ ശുപാര്‍ശകള്‍ക്ക്‌ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ ഭരണാധികാരികളുടെ വിലങ്ങുകളില്‍ നിന്ന് സിബിഐയ്ക്ക് സ്വാതന്ത്ര്യവും. അന്വേഷണത്തിലും സാമ്പത്തിക കാര്യങ്ങളിലും ഉള്‍പ്പെടെ കൂടുതല്‍ അധികാരങ്ങള്‍ സിബിഐയ്ക്ക് ഇതോടെ കൈവരും.

സിബിഐ നടത്തുന്ന അന്വേഷണങ്ങള്‍ നിരീക്ഷിക്കാനും ക്രമക്കേട് നടക്കുന്നില്ലെന്ന്‌ ഉറപ്പ്‌ വരുത്താനും റിട്ടയേഡ്‌ ജഡ്ജിമാരുടെ പാനല്‍ രൂപീകരിക്കും. സി ബി ഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിന് കൊളീജിയം രൂപീകരിക്കും. ഈ നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചതോടെ ഇനി ഇത്‌ സര്‍ക്കാര്‍ നിര്‍ദേശങ്ങളായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ജൂലായ്‌ 10 ന്‌ ഇത്‌ പരിഗണിക്കും. സിബിഐയെ നിരീക്ഷിക്കാന്‍ വിരമിച്ച ജഡ്ജിമാരുടെ പാനല്‍ രൂപീകരിക്കുന്നതിനെ മുന്‍ സിബിഐ ഡയറക്ടര്‍ ജോഗീന്ദര്‍ സിംഗ്‌ സ്വാഗതം ചെയ്തു. സംസ്ഥാന തലത്തിലും ഇത്തരം പാനലുകള്‍ കൊണ്ടുവരണമെന്ന് ജോഗീന്ദര്‍ പറഞ്ഞു.

കല്‍ക്കരി പാടം അഴിമതി കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ പ്രധാനമന്ത്രിയുടെ ഓഫീസും കല്‍ക്കരി മന്ത്രാലയവും ഇടപെട്ട്‌ തിരുത്തിയത്‌ ഏറെ വിവാദമുണ്ടാക്കിയിരുന്നു. സിബിഐ റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ തിരുത്തിയതിനെ സുപ്രീംക്കോടതിയുടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിബിഐ കൂട്ടിലടച്ച തത്തയാണെന്നും സുപ്രീംക്കോടതി പരിഹസിച്ചിരുന്നു. സുപ്രീംക്കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ സിബിഐയെ സ്വതന്ത്രമാക്കാനുള്ള നടപടികള്‍ക്ക്‌ സര്‍ക്കാര്‍ തുടക്കമിട്ടത്‌.