രാജ്യരക്ഷയുടെ പേരില്‍ ഇന്ത്യയിലും ഫോണ്‍-സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തും!

Webdunia
വ്യാഴം, 20 ജൂണ്‍ 2013 (20:50 IST)
PRO
PRO
രാജ്യരക്ഷയുടെ പേരില്‍ ഇന്ത്യയിലും ഫോണ്‍-സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തും. പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെപേരില്‍ ഇതിനകം തന്നെ വിവാദമായിട്ടുള്ള അമേരിക്കയുടെ 'പ്രിസം' പദ്ധതിക്കു സമാനമായ നിരീക്ഷണ പദ്ധതിയാണ് ഇന്ത്യയും ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ സംഭാഷണങ്ങളും ഇ-മെയിലുകളും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റ് വിവരങ്ങള്‍ തുടങ്ങിയവ സുരക്ഷാ ഏജന്‍സികള്‍ക്കു പുറമെ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു വരെ നേരിട്ട് ചോര്‍ത്താന്‍ സാധിക്കുന്ന സംവിധാനമാണിതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

2011 ല്‍ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ സെന്‍ട്രല്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ(സിഎംഎസ്) പ്രവര്‍ത്തനമാണ് ഇപ്പോള്‍ രാജ്യസുരക്ഷയുടെ പേരില്‍ കൂടുതല്‍ സജീവമാക്കാനിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലായി 2013 ഏപ്രിലോട് കൂടി നിരീക്ഷണ പദ്ധതി നടപ്പാക്കി തുടങ്ങിയെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. 90 കോടി വരുന്ന ഇന്ത്യയിലെ ലാന്‍ഡ്ലൈന്‍, മൊബൈല്‍ ഉപയോക്താക്കളെയും 12 കോടി വരുന്ന ഇന്‍റര്‍നെറ്റ് ഉപയോക്താക്കളെയും മുഴുവനായി നിരീക്ഷിക്കാന്‍ ഈ പദ്ധതിക്ക് ഭാവിയില്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍, എസ്.എം.എസ്, ഇ-മെയില്‍, ഫേസ്ബുക്ക് പോസ്റ്റുകള്‍, ട്വീറ്റുകള്‍ തുടങ്ങിയവയെല്ലാം ഈ നിരീക്ഷണ പദ്ധതിയിലൂടെ സര്‍ക്കാറിന് ലഭ്യമാകും.

അതേസമയം, സി.എം.എസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനോ ഇതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം തേടാനോ സര്‍ക്കാര്‍ തയാറായിട്ടില്ല. സി.എം.എസിന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സുരക്ഷാ കാര്യങ്ങളായതുകൊണ്ട് പ്രതികരിക്കാവനാവില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം വക്താവ് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. വാര്‍ത്താവിതരണ മന്ത്രിലായവും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല.