രണ്ടാനമ്മ പന്ത്രണ്ടുകാരനെ ബലി നല്‍കി!

Webdunia
വ്യാഴം, 3 മാര്‍ച്ച് 2011 (13:54 IST)
PRO
ആധുനിക യുഗത്തിലും നരബലി നല്‍കി ദേവ പ്രീതി നേടാന്‍ കഴിയുമെന്ന അന്ധവിശ്വാസം വച്ചു പുലര്‍ത്തുന്നവര്‍ക്ക് കുറവില്ല എന്ന് യുപിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവം വ്യക്തമാക്കുന്നു. യുപിയിലെ സഹാരന്‍‌പൂര്‍ ജില്ലയില്‍ ഒരു 12 വയസ്സുകാരനെ രണ്ടാനമ്മ ബലികൊടുത്തതായി റിപ്പോര്‍ട്ടുകള്‍.

രണ്ടാനമ്മയും സഹോദരിയും ചേര്‍ന്നാണ് ഒരു ദുര്‍മ്മന്ത്രവാദിയുടെ സഹായത്തോടെ നരബലി നടത്തിയത്. തിങ്കളാഴ്ച രാത്രിയിലാണ് നരബലി നടന്നതെന്ന് സംശയിക്കുന്നു. പൊലീസ് മൂന്ന് പ്രതികളെയും ബുധനാഴ്ച അറസ്റ്റ് ചെയ്തു.

സഹാരന്‍പൂര്‍ ജില്ലയിലെ രാംഗഡ് ഗ്രാമത്തിലാണ് സംഭവം നടന്നത്. സുശീല്‍ കശ്യപ് എന്നയാളുടെ മകന്‍ ദീപക് കശ്യപ് എന്ന 12 വയസ്സുകാരനാണ് ഈ ദുര്‍വിധി ഉണ്ടായത്. ദീപകിനെ തിങ്കളാഴ്ച മുതല്‍ കാണാതാവുകയായിരുന്നു. തിങ്കളാഴ്ച വൈകിയും അന്വേഷണം തുടര്‍ന്നു എങ്കിലും ദീപക്കിനെ കണ്ടെത്താനായില്ല.

എന്നാല്‍, ചൊവ്വാഴ്ച രാവിലെ ദീപകിന്റെ മൃതദേഹം ഗ്രാമത്തിനു സമീപത്തുള്ള ഒരു വയലില്‍ നിന്ന് കണ്ടെടുത്തു. വാളുപോലെ മൂര്‍ച്ചയേറിയ ആയുധം പ്രയോഗിച്ചതിന്റെ പാടുകള്‍ മൃതശരീരത്തിലുടനീളം ഉണ്ടായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.