വേതന വര്‍ധനവ് നടപ്പിലാക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. നേരത്തെ മന്ത്രി ജി.ആര്‍.അനില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി പണിമുടക്കില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. വേതന വര്‍ധനവ് ഒഴികെയുള്ള കാര്യങ്ങള്‍ സമയബന്ധിതനായി നടപ്പിലാക്കുകയും വേതന വര്‍ധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടത്തി സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്കു പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.