മോഡിക്ക് വേണ്ടി തമിഴ്നാട്ടില്‍ മീന്‍ വില്‍ക്കും!

Webdunia
ശനി, 22 ഫെബ്രുവരി 2014 (15:31 IST)
PRO
PRO
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടു പകരാന്‍ തമിഴ്നാട്ടില്‍ മീന്‍ വില്‍ക്കും. നമോ ചായക്കടകള്‍ക്കു പിന്നാലെയാണ് നമോ മത്സ്യശാലകള്‍ തുറക്കുന്നത്. തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളെ ലക്‌ഷ്യമാക്കിയാണ് ബിജെപി നമോ മത്സ്യശാലകള്‍ തുടങ്ങുന്നത്. കടലില്‍ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികരില്‍നിന്ന് നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗം കൂടിയാണ് മോഡിയുടെ മീന്‍ കച്ചവടം.

ആദ്യഘട്ടമായി അഞ്ചു ജില്ലകളിലാണ് മത്സ്യശാലകള്‍ . ആദ്യ ദിവസം 200 പേര്‍ക്ക് സൗജന്യമായി മീന്‍ നല്‍കും. തുടര്‍ന്ന് സബ്‌സിഡി നിരക്കില്‍ ആവശ്യക്കാര്‍ക്ക് മത്സ്യങ്ങള്‍ നല്‍കും. മൊബൈല്‍ യൂണിറ്റായി ആദ്യ മത്സ്യക്കട ചെന്നൈ ലൈറ്റ് ഹൗസില്‍ 25ന് ആരംഭിക്കും.

വൈകാതെ ചെന്നൈയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിരം കടകള്‍ തുറക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കടകളില്‍ ലഭിക്കുന്നതിലും കുറഞ്ഞ വിലയ്ക്ക് ഇവിടെ മത്സ്യങ്ങള്‍ ലഭിക്കും.