ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആനന്ദിബെന്‍ പട്ടേലിനെ മാറ്റിയേക്കും

Webdunia
തിങ്കള്‍, 16 മെയ് 2016 (17:42 IST)
ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ആനന്ദിബെന്‍ പട്ടേലിനെ മാറ്റാന്‍ ബി ജെ പി തീരുമാനം. നിതിന്‍ ഭായി പട്ടേലിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണികുന്നത്. അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ആനന്ദിബെന്‍ പട്ടേലിനെതിരായി സംസ്ഥാനത്ത് വലിയതോതില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കാന്‍ ബി ജെ പി നേതൃത്വം തയ്യാറായിരിക്കുന്നത്.
 
സംസ്ഥാനത്തെ പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത ഭിന്നത കേന്ദ്രനേതൃത്വത്തിന് വലിയ തലവേദന ആയിരിക്കുകയാണ്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ആനന്ദിബെന്‍ പട്ടേലിനെ ഗവര്‍ണറാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭരണം നിലനിര്‍ത്തുക എന്നത് അത്ര എളുപ്പമല്ലെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് പാര്‍ട്ടി നേരിടുന്ന മറ്റൊരു പ്രശ്നം. സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ പട്ടേല്‍ സമുദായം നടത്തിയ പ്രക്ഷോഭം ശരിയായ രീതിയില്‍ നേരിടുന്നതിന് സംസ്ഥാന ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല. ഹാര്‍ദിക് പട്ടേല്‍ രാജ്യദ്രോഹക്കുറ്റത്തിന് ഏഴ് മാസത്തിലേറെയായി ജയിലിലാണ്. വോട്ടര്‍മാരില്‍ ഭൂരിപക്ഷം വരുന്ന പട്ടേല്‍ സമുദായത്തിന്റെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. പട്ടേല്‍ സമിദായത്തെ പിണക്കുന്നത് പാര്‍ട്ടിക്ക് ഭാവിയില്‍ ചെറുതല്ലാത്ത നഷ്ടം ഉണ്ടാക്കുമെന്ന് നേതൃത്വത്തിന് ബോധമുണ്ട്. ഇക്കാരണങ്ങള്‍ക്കൊണ്ട് കൂടിയാണ് മുഖ്യമന്ത്രിയെ മാറ്റാന്‍ പാര്‍ട്ടി ആലോചിക്കുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article