ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി തിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനടപടിക്ക്

Webdunia
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (19:15 IST)
PRO
PRO
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനടപടികള്‍ക്കൊരുങ്ങുന്നു. ഇക്കാര്യത്തില്‍ പെട്രോളിയം മന്ത്രാലയം സോളിസിറ്റര്‍ ജനറലിനോട് നിയമോപദേശം തേടി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധി ആദ്യം ബാധിക്കുക സബ്സിഡികളും സ്കോഷര്‍ഷിപ്പും പണമായി നേരിട്ട് നല്‍കുന്നതിനുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍(ഡിബിടി) പദ്ധതിയെയാവും. ഈ സാഹചര്യത്തിലാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രം തയാറെടുക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരിയോടെ 289 ജില്ലകളിലെ പാചകവാതക സബ്സിഡിയും ആധാര്‍ കാര്‍ഡിനെ ആധാരമാക്കി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതിന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ വിധി തിരുത്താനായി സുപ്രീംകോടതിയെ തന്നെ സമീപിക്കാനാണ് കേന്ദ്ര നീക്കം.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല എന്ന സന്ദേശമാണ് കേന്ദ്രം നല്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ ബലത്തിലാണ് ആധാര്‍ നടപ്പാക്കുന്നത്. പാര്‍ലമെന്‍റില്‍ കൊണ്ടുവന്ന ബില്‍ പാസ്സാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞിരുന്നില്ല. നിയമപരിരക്ഷയില്ലാത്ത ആധാറിനായി ബയോമെട്രിക് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ ശേഖരിക്കുന്നതിനെ തുടക്കത്തില്‍ ആഭ്യന്തരമന്ത്രാലയം എതിര്‍ത്തിരുന്നു.