23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം ഒരു മെഗാഹിറ്റ് സിനിമയായിരുന്നു. സാമ്രാജ്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അലക്സാണ്ടര്‍ എന്ന അധോലോക നായകന്‍ യുവപ്രേക്ഷകരുടെ ആവേശമായി മാറി. സംവിധായകന്‍ ജോമോന്‍റെ ആദ്യ ചിത്രമായിരുന്നു അത്.
ഷിബു ചക്രവര്‍ത്തിയാണ് സാമ്രാജ്യത്തിന് തിരക്കഥ രചിച്ചത്. ത്രില്ലടിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു സാമ്രാജ്യം. ഇന്ത്യയിലെ വമ്പന്‍ ഗാംഗ്സ്റ്റര്‍ ചിത്രങ്ങളായ ഹം, ബാഷ തുടങ്ങിയ സിനിമകള്‍ക്ക് പ്രചോദനമായത് സാമ്രാജ്യത്തിന്‍റെ വിജയമായിരുന്നു. ഇളയരാജയുടെ സംഗീതവും ഈ സിനിമയുടെ പ്രത്യേകതയായിരുന്നു.
സാമ്രാജ്യം പുറത്തിറങ്ങിയതിന് ശേഷം ജോമോന് മുംബൈയില്‍ നിന്ന് ബോളിവുഡിന്റെ ബിഗ് ബി സാക്ഷാല്‍ അമിതാഭ് ബച്ചന്‍ന്റെ ഫോൺകാൾ വന്നിരുന്നുവെന്നും ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തുകയാണ് സംവിധായകൻ ജോമോൻ.
സാമ്രാജ്യം കേരളത്തില്‍ സൂപ്പര്‍ ഹിറ്റായപ്പോൾ ഗുഡ്‌നൈറ്റ് മോഹന്‍ വഴി അമിതാഭ് ബച്ചന്‍ ജോമോനെ മുംബൈയിലേക്ക് വിളിപ്പിച്ചു. മുംബൈയിലെ ഒരു സ്റ്റുഡിയോയില്‍ വച്ചായിരുന്നു കൂടികാഴ്ച. അരമണിക്കൂര്‍ നീണ്ട കൂടികാഴ്ചയില്‍ സാമ്രാജ്യത്തിന്റെ സംവിധാനത്തെക്കുറിച്ചും കോര്‍ത്തെടുത്ത തിരക്കഥയെക്കുറിച്ചും അദ്ദേഹം സംവിധായകനുമായി സംസാരിച്ചു.
സാമ്രാജ്യം, അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ചേര്‍ത്ത് ബോളിവുഡില്‍ സാമ്രാജ്യം എടുക്കുന്നതിന് ജോമോന് അഡ്വാന്‍സ് നൽകി. പക്ഷേ, പിന്നെ എന്തുകൊണ്ടോ ആ പ്രൊജക്ട് വര്‍ക്ക് ഔട്ട് ആയില്ല. തന്റെ മടികൊണ്ടായിരുന്നു അത് നടക്കാതെ പോയതെന്ന് ജോമോൻ പറയുന്നു.