പാകിസ്ഥാൻ സിവിലിയൻ വിമാനങ്ങൾ മറയാക്കി, ഭട്ടിൻഡ വിമാനത്താവളം ലക്ഷ്യം വെച്ചു, വെടിവെച്ചിട്ടത് തുർക്കി ഡ്രോൺ

അഭിറാം മനോഹർ

വെള്ളി, 9 മെയ് 2025 (18:48 IST)
മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാനായി പാകിസ്ഥാന്‍ ഉപയോഗിച്ചത് തുര്‍ക്കി നിര്‍മിത ഡ്രോണുകളെന്ന് ഇന്ത്യ. ഭട്ടിന്‍ഡയില്‍ നിന്നും ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സംഘര്‍ഷം സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യയുടെ വിശദീകരണം. പാകിസ്ഥാന്‍ ഇന്ത്യയിലെ നാല് വ്യോമകേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചെന്നും എന്നാല്‍ ഇതെല്ലമ വിഫലമാക്കിയെന്നും ഇന്ത്യന്‍ സേന വ്യക്തമാക്കി.
 
നിയന്ത്രണരേഖയിലുടനീളം പാകിസ്ഥാന്‍ വെടിവെയ്പ്പ് നടത്തി. ഇന്ത്യയിലെ 36 കേന്ദ്രങ്ങളാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. ആക്രമിക്കാനായി 500 ഡ്രോണുകളോളം ഉപയോഗിച്ചു. ഇതില്‍ 400 എണ്ണവും ഇന്ത്യ വെടിവെച്ചിട്ടു. പലതവണ ഇന്ത്യയുടെ വ്യോമാതിര്‍ത്തി പാകിസ്ഥാന്‍ ലംഘിച്ചു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരിശോധിക്കാനാണ് ഡ്രോണുകള്‍ അയച്ചതെന്നാണ് സൈന്യം വിലയിരുത്തുന്നത്. പാകിസ്ഥാന്‍ ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ സൃഷ്ടിക്കാനുള്ള ശ്രമം തുടരുകയാണ്. പാക് ഷെല്ലാക്രമണത്തില്‍ പുഞ്ചിലെ ഗുരുദ്വാര തകര്‍ന്നു. എന്നാല്‍ ഇത് ഇന്ത്യ തകര്‍ത്തതാണെന്ന വ്യജ പ്രചാരണം നടന്നു. ഇത് കൂടാതെ ഒരു ക്രിസ്ത്യന്‍ ആരാധാനലയവും സ്‌കൂളും തകര്‍ത്തു. ആക്രമണം നടക്കുന്ന സമയത്ത് സിവിലിയന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയത്ത് ദമ്മാമില്‍ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യന്‍ തിരിച്ചടിയില്‍ സിവിലിയന്‍ വിമാനത്തിന് നേരെ ആക്രമണമുണ്ടാക്കുക എന്നതാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞാണ് ഇന്ത്യ പ്രതികരിച്ചത്.
 
 സിവിലിയന്‍ വിമാനങ്ങള്‍ മറയാക്കിയാണ് പാകിസ്ഥാന്‍ ഡ്രോണുകള്‍ പറത്തിയത്. ഭട്ടിന്‍ഡയില്‍ നിന്നും ലഭിച്ചത് തുര്‍ക്കി നിര്‍മിത ഡ്രോണുകളാണ്. വിദേശകാര്യ സ്‌ക്രട്ടറി വിക്രം മിശ്രി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍