Vadakara Lok Sabha Election 2024 Prediction: കേരളത്തില്‍ ശക്തമായ പോരാട്ടം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് വടകര. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് വടകരയില്‍ മത്സരം. അതേസമയം ബിജെപി പിടിക്കുന്ന വോട്ടുകള്‍ മണ്ഡലത്തിലെ ജയപരാജയങ്ങളെ സ്വാധീനിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും യുഡിഎഫ് സ്ഥാനാര്‍ഥിയായി എംഎല്‍എ ഷാഫി പറമ്പിലും മത്സരിക്കുന്നു. സി.ആര്‍.പ്രഫുല്‍ കൃഷ്ണയാണ് ബിജെപിക്കായി മത്സരിക്കുന്നത്.
2019 ല്‍ 84,663 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിച്ച മണ്ഡലമാണ് വടകര. 2009 ലും 2014 ലും യുഡിഎഫിനൊപ്പമായിരുന്നു മണ്ഡലം. ഇരു മുന്നണികള്‍ക്കും നാല് ലക്ഷത്തില്‍ ഏറെ വോട്ടുകള്‍ ഉറപ്പുള്ള മണ്ഡലം. നിലവിലെ സാഹചര്യത്തില്‍ വിജയസാധ്യത ഇരു മുന്നണികള്‍ക്കും തുല്യമാണ്. തുടക്കത്തില്‍ ശൈലജ ടീച്ചര്‍ക്കായിരുന്നു വടകരയില്‍ ആധിപത്യം. എന്നാല്‍ ഷാഫിയുടെ വരവോടെ കാര്യങ്ങള്‍ യുഡിഎഫിനും അനുകൂലമായി തുടങ്ങി.
ബിജെപി ഇത്തവണ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ പിടിച്ചാല്‍ വടകരയില്‍ എല്‍ഡിഎഫിനാണ് ജയസാധ്യത. ആര് ജയിച്ചാലും 5,000 ത്തിനും 15,000 ത്തിനും ഇടയിലായിരിക്കും ഭൂരിപക്ഷം. കഴിഞ്ഞ തവണ കെ.മുരളീധരന്‍ യുഡിഎഫിനായി അഞ്ചേകാല്‍ ലക്ഷം വോട്ടുകളാണ് വടകരയില്‍ പിടിച്ചത്. എന്നാല്‍ ഇത്തവണ അത്ര വലിയ രീതിയില്‍ വോട്ട് സ്വന്തമാക്കാന്‍ യുഡിഎഫിന് സാധിക്കില്ല. മുസ്ലിം വോട്ടുകള്‍ വടകരയില്‍ നിര്‍ണായകമാകും. മുസ്ലിം വോട്ടുകള്‍ എങ്ങോട്ട് ഏകീകരിക്കപ്പെടുന്നുവോ ആ മുന്നണി വടകരയില്‍ ജയിച്ചു കയറും.