Lok Sabha Election 2024: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ നിന്ന് ജനവിധി തേടും. വയനാട്ടില്‍ നിന്നുള്ള സിറ്റിങ് എംപി കൂടിയായ രാഹുല്‍ വീണ്ടും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ നിന്ന് മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് രാഹുല്‍ മാറിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വയനാട് തന്നെ മതിയെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കെ.സുധാകരന്‍ ഒഴികെ എല്ലാ സിറ്റിങ് എംപിമാരും യുഡിഎഫിനായി വീണ്ടും രംഗത്തിറങ്ങും.
നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി 2019 ല്‍ വയനാട് ജയിച്ചത്. ഏഴ് ലക്ഷത്തിലേറെ വോട്ടുകള്‍ രാഹുലിന് ലഭിച്ചിരുന്നു. സിപിഐയുടെ പി.പി.സുനീര്‍ ആയിരുന്നു രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് തോല്‍വി വഴങ്ങി.
അമേഠിയില്‍ നിന്ന് ഇത്തവണയും ജനവിധി തേടാന്‍ രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വിജയം ഉറപ്പില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് രാഹുല്‍ വയനാട് കൂടി മത്സരിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും തീരുമാനിച്ചത്. 2019 ലെ തിരഞ്ഞെടുപ്പില്‍ 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധിയെ സ്മൃതി തോല്‍പ്പിച്ചത്.