Lok Sabha Election 2024: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ആലപ്പുഴയില്‍ നിന്ന് രാഹുലിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ച ഏക സീറ്റാണ് ആലപ്പുഴ. ഇത്തവണ അവിടെയും വെല്ലുവിളി ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനപ്രീതിയുള്ള നേതാവാണ് രാഹുലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയം ഉറപ്പെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എ.എം.ആരിഫാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ 6,065 വോട്ടുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ തവണ നേരിയ വോട്ട് വ്യത്യാസത്തില്‍ നഷ്ടപ്പെട്ട സീറ്റ് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലൂടെ തിരിച്ചുപിടിക്കാന്‍ പറ്റുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
കണ്ണൂരില്‍ കെ.സുധാകരന്‍ ഒഴികെ മറ്റെല്ലാ സിറ്റിങ് എംപിമാരും കോണ്‍ഗ്രസിനായി ഇത്തവണ മത്സരരംഗത്തുണ്ടാകും. സിപിഎമ്മിനായി ആലപ്പുഴയില്‍ എ.എം.ആരിഫും മത്സരിക്കില്ല. തോമസ് ഐസക്കിനെയാണ് സിപിഎം ആലപ്പുഴയില്‍ പരിഗണിക്കുന്നത്.