Lok Sabha Election 2024: പാലക്കാട് എ.കെ.ബാലനെ പരിഗണിക്കുന്നു; കെ.കെ.ശൈലജയ്ക്കും തോമസ് ഐസക്കിനും സാധ്യത

WEBDUNIA

വെള്ളി, 2 ഫെബ്രുവരി 2024 (09:40 IST)
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകാന്‍ മുതിര്‍ന്ന നേതാക്കളെ പരിഗണിച്ച് സിപിഎം. ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. മുന്‍ മന്ത്രിമാരെ അടക്കം കളത്തിലിറക്കി 2019 ന് പകരംവീട്ടാമെന്നാണ് സിപിഎം വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ചില നേതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ ഇവരും മത്സരരംഗത്തുണ്ടാകും. 
 
പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍, മുന്‍ മന്ത്രിമാരായ കെ.കെ.ശൈലജ, എ.കെ.ബാലന്‍, ടി.എം.തോമസ് ഐസക് എന്നിവരെ സിപിഎം പരിഗണിക്കുന്നുണ്ട്. എ.കെ.ബാലന്‍ പാലക്കാട് നിന്ന് ജനവിധി തേടാനാണ് സാധ്യത. കണ്ണൂരാണ് കെ.കെ.ശൈലജയെ പരിഗണിക്കുന്നത്. ആലപ്പുഴയോ പത്തനംതിട്ടയോ ആയിരിക്കും തോമസ് ഐസക് മത്സരിക്കുക. എ.വിജയരാഘവനെ ആലത്തൂര്‍ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്. 
 
തിരുവനന്തപുരത്ത് നടന്ന കേന്ദ്രകമ്മിറ്റി യോഗം ദേശീയ തലത്തില്‍ സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമീപനം ചര്‍ച്ച ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഒരു സീറ്റില്‍ ഒതുങ്ങി. എന്നാല്‍ ഇത്തവണ അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യമല്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ചുരുങ്ങിയത് ഇത്തവണ ആറ് സീറ്റെങ്കിലും നേടാന്‍ സാധിക്കുമെന്നാണ് സിപിഎം നേതൃത്വം വിലയിരുത്തുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍